---
title: "വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' അഞ്ച് ഭാഷകളില്‍ ഒരേ ദിവസം"
english_title: "Vinaya's 'Nineteenth Century' in five languages ​​on the same day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65416/vinayas-nineteenth-century-in-five-languages-on-the-same-day"
published_at: "2022-08-31T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f4734bac80_PATHONBATHAM_NUTTAND.jpg"
keywords: []
---

# വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' അഞ്ച് ഭാഷകളില്‍ ഒരേ ദിവസം

> **Lead Summary:** മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്.

## Article Content

മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്.

ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ ,സിജു അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്.

സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് വിനയന്‍ അറിയിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം.

സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു.

അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്.

സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65416/vinayas-nineteenth-century-in-five-languages-on-the-same-day)