---
title: "ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല; മഞ്ജു പറയുന്നു"
english_title: "Now Manju has shared her memories of her father's death."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64739/now-manju-has-shared-her-memories-of-her-fathers-death"
published_at: "2022-08-28T19:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b7c6fb7383_manju_vijish.jpg"
keywords: []
---

# ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല; മഞ്ജു പറയുന്നു

> **Lead Summary:** കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു വിജീഷ്. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയ താരം തന്റെ അച്ഛന്റെ മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

## Article Content

കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു വിജീഷ്. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയ താരം തന്റെ അച്ഛന്റെ മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

അച്ഛനുമായി വളരെ നല്ല അടുപ്പമായിരുന്നു തനിക്കെന്നും അദ്ദേഹത്തിന്റെ നഷ്ടം ജീവിതത്തെ നന്നായി ബാധിച്ചുവെന്നും മഞ്ജു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

*

മഞ്ജുവിന്റെ വാക്കുകള്‍ *

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്.

അന്വേഷിച്ചപ്പോള്‍ അത് അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിയ്ക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല. ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ അച്ഛന്‍ ഞങ്ങളോട് തല അമര്‍ത്തി പിടിയ്ക്കാന്‍ പറയുമായിരുന്നു. അപ്പോഴൊന്നും ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ കാണിച്ചപ്പോഴായിരിക്കണം അസുഖ വിവരം അച്ഛന്‍ അറിഞ്ഞത്.

മരിക്കുന്ന ദിവസം ഞങ്ങള്‍ എല്ലാവരും അമ്പലത്തില്‍ പോയിരിയ്ക്കുകയായിരുന്നു. അന്ന് അമ്പലത്തില്‍ അന്നദാനമൊക്കെ ഉണ്ടായിരുന്നു.

അതെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ ഇരിക്കുമ്പോഴാണ് എന്റെ മൂത്ത ആങ്ങളയുടെ ഒരു ഫ്രണ്ട് വന്ന് പറയുന്നത്, ‘എടാ നിന്റെ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നു’ എന്ന്. പക്ഷെ ഞങ്ങളത് വിശ്വസിച്ചില്ല.

അച്ഛന്‍ അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല എന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ വീട്ടിലേക്ക് ഓടി വരുമ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് വാതില്‍ തള്ളി തുറന്നിരുന്നു. ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/64739/now-manju-has-shared-her-memories-of-her-fathers-death)