---
title: "പൊണ്ണത്തടിയന്‍ എന്ന് പുച്ഛിച്ച് കാമുകി പോയി, ഒറ്റ വര്‍ഷം കൊണ്ട് 70 കിലോ കുറച്ച് യുവാവ്"
english_title: "The young man lost 70 kilos in one year after his girlfriend left him after being scorned for being fat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/63704/the-young-man-lost-70-kilos-in-one-year-after-his-girlfriend-left-him-after-being-scorned-for-being-fat"
published_at: "2022-08-24T08:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63059027e4a71_viral.jpg"
keywords: []
---

# പൊണ്ണത്തടിയന്‍ എന്ന് പുച്ഛിച്ച് കാമുകി പോയി, ഒറ്റ വര്‍ഷം കൊണ്ട് 70 കിലോ കുറച്ച് യുവാവ്

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഒരു യുവാവ്. പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് മധുരമായി പ്രതികാരം ചെയ്ത കാമുകനാണ് ഈ യുവാവ്. കാമുകിയോടുള്ള വാശിയ്ക്ക് ഇയാള്‍ ഒരു വര്‍ഷം കൊണ്ട് കുറച്ചത് 70 കിലോ.

## Article Content

സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഒരു യുവാവ്. പൊണ്ണത്തടിയനെന്ന് പരിഹസിച്ച് ഉപേക്ഷിച്ച് പോയ കാമുകിയോട് മധുരമായി പ്രതികാരം ചെയ്ത കാമുകനാണ് ഈ യുവാവ്. കാമുകിയോടുള്ള വാശിയ്ക്ക് ഇയാള്‍ ഒരു വര്‍ഷം കൊണ്ട് കുറച്ചത് 70 കിലോ.

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടല്ലേ...

പക്ഷെ സംഗതി സത്യമാണ്. താന്‍ ജീവനു തുല്യം സ്‌നേഹിച്ച പെണ്‍കുട്ടിയില്‍ നിന്ന് അത്രമാത്രം പരിഹാസം അയാള്‍ കേട്ടിരുന്നു. പുവി എന്നാണ് അയാളുടെ പേര്. അവളുമായി അയാള്‍ പ്രണയത്തിലാകുമ്പോള്‍ ശരീരഭാരം 144 കിലോ ആയിരുന്നു.

പക്ഷെ അതൊരു കുറവായി പുവിയ്ക്ക് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് തന്റെ പ്രണയം അവന്‍ അവളോട് പറഞ്ഞത്. പക്ഷെ പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നില്ല അവളുടെ മറുപടി. ഒരു മനുഷ്യനെന്ന പരിഗണനപോലും അവള്‍ പുവിയ്ക്ക് കൊടുത്തില്ല.

നിഷ്‌കരുണം, പൊണ്ണത്തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച് അവന്റെ പ്രണയത്തെ തള്ളിക്കളഞ്ഞു. നിരവധി പേരില്‍ നിന്നും പൊണ്ണത്തടിയന്‍ എന്ന വിളി പുവി കേട്ടിട്ടുണ്ടെങ്കിലും അത്രത്തോളം അവന്‍ ഒരിക്കലും വേദനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ പരിഹാസമുണ്ടാക്കിയ മുറിവ് ഒരു വാശിയായി അവനില്‍ വളര്‍ന്നു.

ആ വാശിയില്‍ അവന്‍ തീരുമാനിച്ചു തന്റെ ശരീരഭാരം കുറയ്ക്കണം. തന്നെ ഉപേക്ഷിച്ച് പോയവള്‍ അതുകണ്ട് പശ്ചാതപിക്കണം. പിന്നീടുള്ള ദിനരാത്രങ്ങള്‍ അവന്‍ അതിനുവേണ്ടി മാറ്റിവെച്ചു. മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിച്ചു. ഭക്ഷണക്രമം അടിമുടി മാറ്റി.

അങ്ങനെ പതിയെ പതിയെ അവന്‍ തന്റെ ലക്ഷ്യത്തിലേക്ക് എത്തി തുടങ്ങി. ഒരിക്കലും കുറയില്ലന്ന് കരുതിയ ശരീരഭാരം പതിയെ കുറഞ്ഞു തുടങ്ങി. അങ്ങനെ കൃത്യം ഒരു വര്‍ഷത്തിന് ശേഷം പുവിയുടെ ശരീരഭാരം 70 കിലോ കുറഞ്ഞ് 144 ല്‍ നിന്നും 74 കിലോ ആയി.

ഈ കാലങ്ങളിലൊക്കയും പുവി തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ടിക്‌ടോകിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. തുടക്കത്തിലൊന്നും അധികം ആളുകള്‍ അവനെ ഫോളോ ചെയ്തിരുന്നില്ലെങ്കിലും ഇന്ന് നിരവധി ആരാധകരാണ് പുവിയ്ക്ക് ഉള്ളത്. എന്തിനേറെ പറയുന്നു ദിനംപ്രതി നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ഇപ്പോള്‍ പുവിയെ തേടി വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/63704/the-young-man-lost-70-kilos-in-one-year-after-his-girlfriend-left-him-after-being-scorned-for-being-fat)