---
title: "'രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഈജിപ്ഷ്യന്‍ ഗായകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി' - സൂപ്പർ നായികയുടെ തുറന്നുപറച്ചിൽ "
english_title: "'Egyptian singer with two wives and four children proposed' - Super Heroine opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62830/egyptian-singer-with-two-wives-and-four-children-proposed-super-heroine-opens-up"
published_at: "2022-08-19T19:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff9d864a554_urvashi.jpg"
keywords: []
---

# 'രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഈജിപ്ഷ്യന്‍ ഗായകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി' - സൂപ്പർ നായികയുടെ തുറന്നുപറച്ചിൽ 

> **Lead Summary:** **ഒ**രുപാട് വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്നും ഒരു ഈജിപ്ഷ്യന്‍ ഗായകന്‍ തന്നെ പ്രപ്പോസ് ചെയ്തതാണ് ഏറ്റവും അരോചകമായി തോന്നിയതെന്നും ബോളിവുഡ് നടി ഉര്‍വശി റൗട്ടേല.

## Article Content

**ഒ**രുപാട് വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്നും ഒരു ഈജിപ്ഷ്യന്‍ ഗായകന്‍ തന്നെ പ്രപ്പോസ് ചെയ്തതാണ് ഏറ്റവും അരോചകമായി തോന്നിയതെന്നും ബോളിവുഡ് നടി ഉര്‍വശി റൗട്ടേല.

ആ സമയത്ത് അയാള്‍ക്ക് രണ്ടു ഭാര്യമാരും നാലു മക്കളും ഉണ്ടായിരുന്നെന്നും നടി വെളിപ്പെടുത്തി. വിനോദ മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ഒരുപാട് വിവാഹാലോചനകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ടു ഭാര്യമാരും നാലു മക്കളുമുള്ള ഒരു ഈജിപ്ഷ്യന്‍ ഗായകനായിരുന്നു ഒരിക്കല്‍. അത്തരമൊരു തീരുമാനമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദുബൈയില്‍ വച്ചായിരുന്നു അത്.' - ഗായകന്റെ പേരു പറയാതെ നടി പറഞ്ഞു. നേരത്തെ, ഈജിപ്ഷ്യന്‍ ഗായകനും നടനുമായ മുഹമ്മദ് റമദാനൊപ്പം റൗട്ടേല സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു.

നടിയുടെ അന്താരാഷ്ട്ര അരങ്ങേറ്റമായിരുന്നു അത്. വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ഡൊണറ്റെല്ല വെര്‍സെയ്‌സ് ആണ് അന്ന് നടിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത്. വസ്ത്രത്തിനു മാത്രം 15 കോടി രൂപ ചെലവു വന്നു എന്നാണ് ഡി.എന്‍.എ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നത്.

ഈയിടെ ക്രിക്കറ്റര്‍ റിഷഭ് പന്തിനെതിരെ റൗട്ടേല ഉന്നയിച്ച ആരോപണങ്ങളും അതിനു പിന്നാലെയുണ്ടായ വാക്കു തര്‍ക്കങ്ങളും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഹോട്ടല്‍ ലോബിയില്‍ തന്നെ കാണാന്‍ റിഷഭ് പന്ത് പത്തു മണിക്കൂര്‍ കാത്തുനിന്നെന്ന ഉര്‍വശിയുടെ അവകാശവാദമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. നടിയുടെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് പന്ത് മറുപടി പറഞ്ഞത്.

വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കാത്തു നില്‍ക്കുക മാത്രമല്ല, തന്റെ ഫോണില്‍ നിരവധി മിസ്ഡ് കോളുകള്‍ വന്നെന്നും നടി ഒരഭിമുഖത്തില്‍ അവകാശപ്പെട്ടു.

'ഞാന്‍ വാരാണസിയില്‍ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോക്കായി ഡല്‍ഹിക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ മുഴുവന്‍ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂര്‍ ഷൂട്ടിന് ശേഷമാണ് തിരിച്ചു പോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റര്‍ ആര്‍.പി വന്ന് ലോബിയില്‍ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാല്‍ ഞാന്‍ അത്രയും ക്ഷീണിതയായിരുന്നു.' - അവര്‍ പറഞ്ഞു.

'വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലര്‍ നുണ പറയുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്ബോള്‍ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു പന്തിന്റെ മറുപടി.

നേരത്തെ, താന്‍ റിഷഭ് പന്തുമായി പ്രണയത്തിലാണ് എന്ന് റൗട്ടേല അവകാശപ്പെട്ടിരുന്നു. എന്നാല്‍ പന്ത് അതു നിഷേധിക്കുകയായിരുന്നു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. കാമുകി ഇഷ നേഗിക്കൊപ്പമുള്ള ചിത്രങ്ങളും പന്ത് പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/62830/egyptian-singer-with-two-wives-and-four-children-proposed-super-heroine-opens-up)