---
title: "ദൃശ്യം 3 വരുന്നു...? പ്രഖ്യാപനത്തിന് കാത്തിരുന്ന്  സോഷ്യല്‍ മീഡിയ"
english_title: "drishyam 3 is coming...? Social media waiting for the announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/61493/drishyam-3-is-coming-social-media-waiting-for-the-announcement"
published_at: "2022-08-13T23:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7e4df81103_georgekutty.jpg"
keywords: []
---

# ദൃശ്യം 3 വരുന്നു...? പ്രഖ്യാപനത്തിന് കാത്തിരുന്ന്  സോഷ്യല്‍ മീഡിയ

> **Lead Summary:** **മോ**ഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ ദൃശ്യത്തിന് പ്രേക്ഷകര്‍ക്കിടയിലുള്ള സവിശേഷ സ്ഥാനം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല.

## Article Content

**മോ**ഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ ദൃശ്യത്തിന് പ്രേക്ഷകര്‍ക്കിടയിലുള്ള സവിശേഷ സ്ഥാനം മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവില്ല.

ദൃശ്യം 2 എത്തിയ സമയത്ത് സംവിധായകന്‍ ജീത്തു ജോസഫ് എല്ലാ അഭിമുഖങ്ങളിലും നേരിട്ട ഒരു ചോദ്യം ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതായിരുന്നു.

അത്തരമൊരു സാധ്യത തള്ളിക്കളയാതെയായിരുന്നു ജീത്തുവിന്‍റെ മറുപടികളും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം വൈകാതെ സംഭവിക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുകയാണ്.

അതേസമയം അണിയറക്കാരില്‍ നിന്നും ഇതേക്കുറിച്ച് യാതൊരു പ്രതികരണങ്ങളും പുറത്തെത്തിയിട്ടുമില്ല. അതേസമയം ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് വലിയ കാത്തിരിപ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.

മോഹന്‍ലാല്‍ നായകനാവുന്ന ഒരു വന്‍ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്ന് ആയ ഓഗസ്റ്റ് 17ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ദൃശ്യം 3 അല്ലെങ്കില്‍ എമ്പുരാനെക്കുറിച്ച് ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇനി പങ്കെടുക്കുക ജീത്തു ജോസഫിന്‍റെ തന്നെ കൊവിഡ് കാലത്ത് മുടങ്ങിപ്പോയ റാമിന്‍റെ വിദേശ ഷെഡ്യൂളില്‍ ആണ്.

അതേസമയം എമ്പുരാന്‍റെ തിരക്കഥ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷാദ്യം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/61493/drishyam-3-is-coming-social-media-waiting-for-the-announcement)