---
title: "ഹിറ്റ് ചാര്‍ട്ടില്‍ മുന്‍ പന്തിയിലുള്ള കോഫി വിത്ത് കരണിലേക്ക് ഇല്ലെന്ന് താരം -  കാരണം ഇതാണ്  "
english_title: "This is the actor's reason why the hit chart does not go to Koffee with Karan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57522/this-is-the-actors-reason-why-the-hit-chart-does-not-go-to-koffee-with-karan"
published_at: "2022-07-26T23:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0265012e09_deepika.jpg"
keywords: []
---

# ഹിറ്റ് ചാര്‍ട്ടില്‍ മുന്‍ പന്തിയിലുള്ള കോഫി വിത്ത് കരണിലേക്ക് ഇല്ലെന്ന് താരം -  കാരണം ഇതാണ്  

> **Lead Summary:** **ടോ**ക് ഷോകളുടെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍ പന്തിയില്‍ തുടരുകയാണ് കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍. മൂന്ന് എപ്പിസോഡുകളിറങ്ങിയ ഏഴാം സീസണിന്റെ നാലാം എപ്പിസോഡ് പുറത്തിറങ്ങാനിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയുമാണ് ഇത്തവണത്ത അതിഥികള്‍.

## Article Content

**ടോ**ക് ഷോകളുടെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍ പന്തിയില്‍ തുടരുകയാണ് കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍. മൂന്ന് എപ്പിസോഡുകളിറങ്ങിയ ഏഴാം സീസണിന്റെ നാലാം എപ്പിസോഡ് പുറത്തിറങ്ങാനിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയുമാണ് ഇത്തവണത്ത അതിഥികള്‍.

ഇരുവരുടെയും പുതിയ ചിത്രം ലൈ​ഗര്‍ പുറത്തിറങ്ങാനിരിക്കെയാണ് രണ്ട് പേരും കോഫി വിത്ത് കരണില്‍ ഒരുമിച്ചെത്തിയിരിക്കുന്നത്.യുവനിരയിലെ തിളങ്ങുന്ന താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യയും ഷോയെ ആവേശഭരിതമാക്കുമെന്നാണ് പ്രൊമോ നല്‍കുന്ന സൂചന.

മൂന്ന് എപ്പിസോഡുകളിറങ്ങിയ കോഫി വിത്ത് കരണില്‍ ജനപ്രീതിയുള്ള താരങ്ങളെ അതിഥികളായി എത്തിക്കാനായത് ഷോയുടെ വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ എപ്പിസോഡില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിം​ഗുമായിരുന്നു അതിഥികള്‍. രണ്ടാമത്തെ എപ്പിസോഡില്‍ സാറ അലി ഖാനും ജാന്‍വി കപൂറും ഒരുമിച്ചെത്തി.

മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറുമായിരുന്നു അതിഥികള്‍. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു മൂന്ന് എപ്പിസോഡുകള്‍ക്കും ലഭിച്ചത്. മുന്‍നിരയിലെ താരങ്ങളെയെല്ലാം ഷോയിലെത്തിക്കാന്‍ കരണ്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ നടി ദീപിക പദുകോണ്‍ ഇത്തവണ സീസണില്‍ അതിഥിയായി വരേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഷോയുടെ നിര്‍മാതാക്കള്‍ ദീപികയെ ക്ഷണിച്ചെങ്കിലും താരം ഇതിന് സമ്മതം മൂളിയിട്ടില്ല. നിലവില്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് ദീപിക. തന്റെ സിനിമകളില്‍ ഉടനെ റിലീസ് ചെയ്യാനുള്ളത് ഏതുമില്ല. അതിനാല്‍ പ്രൊമോഷണല്‍ ആവശ്യവും ഇല്ല. മറ്റ് പ്രത്യേക കാരണങ്ങളും കോഫി വിത്ത് കരണിലെത്താന്‍ ദീപിക ഇപ്പോള്‍ കാണുന്നില്ലെന്നാണ് വിവരം.

മാത്രമല്ല വിവാദങ്ങള്‍ക്ക് പേരു കേട്ട ഷോയില്‍ പങ്കെടുക്കുന്നതില്‍ ദീപികയ്ക്ക് താല്‍പര്യക്കുറവുമണ്ടെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച്‌ ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ലെ സീസണിലാണ് കോഫി വിത്ത് കരണില്‍ ദീപിക അവസാനം പങ്കെടുത്തത്. അന്ന് ആലിയ ഭട്ടിനോടൊപ്പമായിരുന്നു ദീപിക എത്തിയത്.

2010 ല്‍ സോനം കപൂറിനൊപ്പം ദീപിക എത്തിയ കോഫി വിത്ത് കരണിലെ എപ്പിസോഡ് ഏറെ വിവാദമായിരുന്നു. അന്ന് തന്റെ മുന്‍ കാമുകന്‍ രണ്‍ബീറിനെക്കുറിച്ച്‌ ദീപിക നടത്തിയ പരാമര്‍ശമാണ് ഇതിന് കാരണമായത്.

രണ്‍ബീറിന് ഒരു പെട്ടി കോണ്ടം സമ്മാനമായി നല്‍കുമെന്നായിരുന്നു ദീപികയുടെ പരാമര്‍ശം.ഇത് അന്ന് വലിയ കോളിളക്കങ്ങള്‍ ബോളിവുഡിലുണ്ടാക്കി. രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിനെ വരെ അലോസരപ്പെടുത്തിയ പരാമര്‍ശമായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/57522/this-is-the-actors-reason-why-the-hit-chart-does-not-go-to-koffee-with-karan)