---
title: "എനിക്കെല്ലാം ഉണ്ടായിരുന്നു, പേര്, പണം, പ്രശസ്തി'; പൊട്ടിക്കരഞ്ഞ് സനാ ഖാൻ  "
english_title: "I had it all, name, money, fame'; Sana Khan burst into tears"
publisher: "moviemax.in"
canonical_url: "https://moviemax.in/news/57146/i-had-it-all-name-money-fame-sana-khan-burst-into-tears"
published_at: "2022-07-25T13:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de4819f0105_sana_ghaan.jpg"
keywords: []
---

# എനിക്കെല്ലാം ഉണ്ടായിരുന്നു, പേര്, പണം, പ്രശസ്തി'; പൊട്ടിക്കരഞ്ഞ് സനാ ഖാൻ  

> **Lead Summary:** ലൈം ലൈറ്റിൽ തിളങ്ങി നിൽക്കവെയാണ് സനാ ഖാൻ താൻ സിനിമാ മേഖല വിടുകയാണെന്നും മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും പ്രഖ്യാപിച്ചത്. 2020 ൽ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സന ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖല പൂർണമായും വിട്ട സന ഹിജാബ് ധരിച്ച് പരിപൂർണ മത വിശ്വാസിയായി. ​

## Article Content

ലൈം ലൈറ്റിൽ തിളങ്ങി നിൽക്കവെയാണ് സനാ ഖാൻ താൻ സിനിമാ മേഖല വിടുകയാണെന്നും മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും പ്രഖ്യാപിച്ചത്. 2020 ൽ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു സന ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ മേഖല പൂർണമായും വിട്ട സന ഹിജാബ് ധരിച്ച് പരിപൂർണ മത വിശ്വാസിയായി. ​

2019 ൽ കൊറിയോ​ഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം ആകെ തകർന്നിരിക്കുകയായിരുന്നു സന. മെൽവിൻ ലൂയിസ് തന്നെ വഞ്ചിക്കുകയായിരുന്നെന്നും സന അന്ന് ആരോപിച്ചിരുന്നു. ഈ ബ്രേക്ക് അപ്പിന് ശേഷമാണ് സന താൻ ലൈം ലൈറ്റിൽ നിന്നും മാറുകയാണെന്ന് പ്രഖ്യാപിച്ചത്. 

2020 നവംബറിൽ സൂറത്തിലെ ബിസിനസ്കാരനായ അനസ് സയിദിനെ സന വിവാഹം കഴിക്കുകയും ചെയ്തു. ശേഷം ഹയ ബൈ സന എന്ന വസ്ത്ര കമ്പനിയുൾപ്പെടെയുള്ള സംരഭങ്ങളും സന തുടങ്ങിയിരുന്നു. 

എന്തു കൊണ്ടാണ് താൻ പ്രശസ്തിയുടെ ലോകം ഉപേക്ഷിച്ച് വിശ്വാസ ജീവിതം തെരഞ്ഞെടുത്തത് എന്നതിനെ പറ്റി സംസാരിക്കുകയാണ് സന ഇപ്പോൾ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സന ഇക്കാര്യം തുറന്നു പറഞ്ഞത്. പണവും പ്രശസ്തിയും ഉണ്ടായിരുന്നെങ്കിലും തന്റെ ഉള്ളിൽ ഒരിക്കലും സമാധാനം ഉണ്ടായിരുന്നില്ലെന്നാണ് സന പറയുന്നത്. 

'എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു. പേര്, പ്രശസ്തി, പണം എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ എന്റെ ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നില്ല. എല്ലാമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഞാൻ സന്തോഷവതിയല്ലാത്തത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. അത് വളരെ ബുദ്ധിമുട്ടായിരുന്നു.

വിഷാദത്തിന്റെ ദിവസങ്ങൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ സൂചനകളും സന്ദേശങ്ങളും ലഭിക്കുന്ന ദിവസങ്ങൾ ഉണ്ടാവുമായിരുന്നു, സന പറഞ്ഞു '2019 ൽ റമദാൻ മാസത്തിൽ ഞാൻ ശവക്കല്ലറ സ്വപ്നത്തിൽ കാണുമായിരുന്നു. കത്തുന്ന കല്ലറയായിരുന്നു അത്. അതിനകത്ത് എന്നെത്തന്നെയാണ് എനിക്ക് കാണാനായത്. ​ദൈവം എനിക്ക് തരുന്ന സൂചനയാണിതെന്ന് എനിക്ക് തോന്നി. ഞാൻ മാറിയില്ലെങ്കിൽ എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന്. അത് എന്നെ ചെറുതായി ആശങ്കപ്പെടുത്തി,' സനാ ഖാൻ പറഞ്ഞു. 

മനസ്സ് ശാന്തമാക്കാൻ ഇസ്ലാമിക പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നെന്ന് സന പറയുന്നു. മാറ്റങ്ങൾ വന്നു തുടങ്ങി. ഒരു ദിവസം മനോ​ഹരമായ ഒരു കാര്യം വായിച്ചു. അതിൽ ഹിജാബിനെ കുറിച്ചായിരുന്നു പറഞ്ഞതെന്ന് സന പറയുന്നു. 'സ്ത്രീകൾ മരിച്ച ശേഷവും അള്ളാഹു അവരുടെ തല മറയ്ക്കുന്നു. നിങ്ങളുടെ അവാസനത്തെ ദിവസം ഹിജാബ് ധരിക്കുന്ന ആദ്യ ദിവസമാവരുതെന്ന് മനോഹരമായി എഴുതിയിരുന്നു,' ഇത് പറഞ്ഞ ശേഷം സന പൊട്ടിക്കരഞ്ഞു.

'പിറ്റേ ദിവസം രാവിലെ ഞാൻ എഴുന്നേറ്റു. അന്ന് എന്റെ ജൻമദിനമായിരുന്നു. വീട്ടിൽ ഞാൻ മുമ്പ് വാങ്ങി വെച്ച കുറേ സ്കാർഫുകൾ ഉണ്ടായിരുന്നു. സ്കാർഫ് ഞാൻ ധരിച്ചു. ഇതൊരിക്കലും അഴിക്കില്ലെന്ന് ഞാൻ സ്വയം പറഞ്ഞു,' സനാ ഖാൻ ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/57146/i-had-it-all-name-money-fame-sana-khan-burst-into-tears)