---
title: " എന്റെ ജീവിതത്തില്‍ അവരും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്; സമാന്ത  പറയുന്നു "
english_title: "Now Samantha's words about Naga Chaitanya are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56531/now-samanthas-words-about-naga-chaitanya-are-going-viral"
published_at: "2022-07-22T12:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da449de4793_chaithanya.jpg"
keywords: []
---

#  എന്റെ ജീവിതത്തില്‍ അവരും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്; സമാന്ത  പറയുന്നു 

> **Lead Summary:** ധാരാളം പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. വിവാദങ്ങളും തുറന്നു പറച്ചിലുകളുമൊക്കെയായി എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്‍. 

## Article Content

ധാരാളം പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. വിവാദങ്ങളും തുറന്നു പറച്ചിലുകളുമൊക്കെയായി എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്‍. 

കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുക എന്നത് തന്നെ ബോളിവുഡിലെ മുന്‍നിരയിലേക്കുള്ള എന്‍ട്രിയായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും താരപുത്രന്മാരേയും പുത്രിമാരേയും ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗം കൂടിയായി മാറാറുണ്ട് കോഫി വിത്ത് കരണ്‍. എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും ബോളിവുഡിന്റെ കള്‍ച്ചറിന്റെ ഭാഗമാണ് കോഫി വിത്ത് കരണ്‍. 

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാം സീസണുമായിട്ടാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും അതിഥികളായി എത്തിയ ആദ്യത്തെ എപ്പിസോഡ് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പിന്നാലെ രണ്ടാമത്തെ എപ്പിസോഡില്‍ ജാന്‍വി കപൂറും സാറ അലി ഖാനും അതിഥികളായി എത്തി.

ഇപ്പോഴിതാ മൂന്നാമത്തെ എപ്പിസോഡുമെത്തിയിരിക്കുകയാണ്. ഇത്തവണത്തെ അതിഥികള്‍ അക്ഷയ് കുമാറും സമാന്തയുമാണ്. അക്ഷയ് കോഫി വിത്ത് കരണില്‍ സ്ഥിരം അതിഥിയാണെങ്കില്‍ സമാന്ത ഇതാദ്യമായിട്ടാണ് കോഫി വിത്ത് കരണിലെത്തുന്നത്. പരിപാടിയില്‍ വച്ച് സമാന്ത ഒരുപാട് കാര്യങ്ങള്‍ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. ഇതില്‍ ഈയ്യടുത്തുണ്ടായ വിവാഹ മോചനത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. 

ഭര്‍ത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമുള്ള സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ച് കരണ്‍ ചോദിച്ചപ്പോള്‍ ഉടനെ തന്നെ സമാന്ത ഭര്‍ത്താവ് എന്നത് മുന്‍ ഭര്‍ത്താവാക്കി തിരുത്തുകയായിരുന്നു. ''ഞാന്‍ ആ വഴി തിരഞ്ഞെടുത്തത് കൊണ്ട് എനിക്ക് പരാതിപ്പെടാന്‍ സാധിക്കില്ലായിരുന്നു. ഞാന്‍ സുതാര്യമായിരിക്കാനും എന്റെ ജീവിതത്തെ തുറന്ന് കാണിക്കാനുമാണ് തിരഞ്ഞെടുത്തത്.

പിരിഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ വിഷമിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം എന്റെ ജീവിതത്തില്‍ അവരും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരങ്ങള്‍ നല്‍കുക എന്റെ ഉത്തരവാദിത്തമായിരുന്നു. ആ സമയത്ത് എന്റെ പക്കല്‍ അതുണ്ടായിരുന്നില്ല'' എന്നാണ് സൈബര്‍ ആക്രമണത്തെക്കുറിച്ച് സമാന്ത പറയുന്നത്. 

ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് കരണ്‍ ചോദിച്ചപ്പോള്‍ കഠിനമായിരുന്നുവെന്നും പക്ഷെ ഇപ്പോള്‍ എല്ലാം ശരിയായിരുന്നുവെന്നും താന്‍ മുമ്പത്തേതിനേക്കാള്‍ കരുത്തയാണെന്നുമായിരുന്നു സമാന്ത പറഞ്ഞത്. സമാന്തയും നാഗ ചൈതന്യയും തമ്മില്‍ ഇപ്പോള്‍ എത്തരത്തിലുള്ള ബന്ധമാണെന്നും കരണ്‍ ചോദിക്കുന്നുണ്ട്. ''അതായത് ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ ഇട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണമോ എന്നല്ലേ? അതെ.

ഇപ്പോഴത്തേക്ക് അതേ. ഇപ്പോള്‍ സാഹചര്യം സൗഹാർദ്രപരമല്ല. പക്ഷെ ഭാവിയില്‍ ചിലപ്പോള്‍ ആയേക്കാം'' എന്നാണ് തങ്ങളുടെ നിലവിലെ ബന്ധത്തെക്കുറിച്ച് സമാന്ത പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/56531/now-samanthas-words-about-naga-chaitanya-are-going-viral)