---
title: "പണം വാങ്ങി വഞ്ചിച്ചു; ശ്രീനാഥ് ഭാസിക്ക് എതിരെ നിയമനടപടിയ്‌ക്ക് ഒരുങ്ങി യുവസംരംഭകര്‍"
english_title: "cheated by taking money; Young entrepreneurs are ready to take legal action against Srinath Bhasi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56518/cheated-by-taking-money-young-entrepreneurs-are-ready-to-take-legal-action-against-srinath-bhasi"
published_at: "2022-07-22T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da38777baa3_sreenath_bhasi.jpg"
keywords: []
---

# പണം വാങ്ങി വഞ്ചിച്ചു; ശ്രീനാഥ് ഭാസിക്ക് എതിരെ നിയമനടപടിയ്‌ക്ക് ഒരുങ്ങി യുവസംരംഭകര്‍

> **Lead Summary:** നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകര്‍. ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടന്‍ വഞ്ചിച്ചുവെന്നാണ് ഇവരുടെ ആക്ഷേപം.

## Article Content

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകര്‍. ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടന്‍ വഞ്ചിച്ചുവെന്നാണ് ഇവരുടെ ആക്ഷേപം.

നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവര്‍ അറിയിച്ചു. ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫൂട്ട് ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്.

ആറ് ലക്ഷം രൂപയായിരുന്നു ശ്രീനാഥ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മുന്‍കൂറായി നാല് ലക്ഷം നല്‍കുകയും ചടങ്ങിന് ശേഷം ബാക്കി തുക നല്‍കാം എന്നുമായിരുന്നു കരാര്‍.

ശ്രീനാഥന്റെ കൂടി സൗകര്യം പരിഗണിച്ച് ജൂലൈ 14 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്. എന്നാല്‍ അന്നേദിവസം എത്താന്‍ അസൗകര്യം അറിയിച്ചിരുന്നതിനാല്‍ ഉദ്ഘാടനം ഇന്നത്തേയ്ക്ക് മാറ്റി. മാറ്റി പരസ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീനാഥ് ഭാസി വീണ്ടും വാക്ക് തെറ്റിച്ചു എന്നാണ് സംരംഭകരുടെ ആക്ഷേപം.

ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം. ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. അതേസമയം, പല സിനിമകളുടെ ഷൂട്ടിംഗിനും സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56518/cheated-by-taking-money-young-entrepreneurs-are-ready-to-take-legal-action-against-srinath-bhasi)