---
title: "'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്"
english_title: "Now a video song from the film has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/56506/now-a-video-song-from-the-film-has-been-released-new"
published_at: "2022-07-22T10:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da2f8056e85_kaduva.jpg"
keywords: []
---

# 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്

> **Lead Summary:** പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്.

## Article Content

പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്.

'പാല്‍വര്‍ണ്ണ കുതിരമേല്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രവും കലാഭവൻ ഷാജോണിന്റെ കഥാപാത്രവും തമ്മിലുള്ള പൊലീസ് സ്റ്റേഷൻ സീനാണ് പുറത്തുവിട്ടിരിക്കുന്നത്.

ബോക്സ് ഓഫീസില്‍ 'കടുവ'യുടെ കളക്ഷൻ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56506/now-a-video-song-from-the-film-has-been-released-new)