---
title: "'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു"
english_title: "'Rocketry The Numby Effect' OTT release announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56089/rocketry-the-numby-effect-ott-release-announced"
published_at: "2022-07-20T11:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d796234a456_nambi.jpg"
keywords: []
---

# 'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും പ്രത്യേകതയുള്ള ചിത്രമായിരുന്നു 'റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചത്.

## Article Content

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും പ്രത്യേകതയുള്ള ചിത്രമായിരുന്നു 'റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചത്.

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് ( Rocketry The Nambi effect). ജൂലൈ 26 മുതലാണ് ചിത്രം ഓണ്‍ലൈനില്‍ സ്‍ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. സൂര്യ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരും 'റോക്കട്രി ദ നമ്പി എഫക്ടി'ന്റെ ഭാഗമായിരുന്നു.

ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തിയത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിച്ചത്. 'ടൈറ്റാനിക്' ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ജൂലൈ ഒന്നിന് ആണ് തീയേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/56089/rocketry-the-numby-effect-ott-release-announced)