---
title: "മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; ബറോസ് മേക്കിങ് വീഡിയോ പുറത്ത് "
english_title: "Mohanlal's first directorial film; Burroughs making video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55792/mohanlals-first-directorial-film-burroughs-making-video-out"
published_at: "2022-07-18T22:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d58e1682ebf_baroz.jpg"
keywords: []
---

# മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; ബറോസ് മേക്കിങ് വീഡിയോ പുറത്ത് 

> **Lead Summary:** **ന**ടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

## Article Content

**ന**ടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ സംവിധാന മികവാണ് വീഡിയോയില്‍ എടുത്ത് കാണിക്കുന്നത്. മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടി നിര്‍ദേശം നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

സംവിധായകന്‍ ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ തുടങ്ങിയവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആദ്യ ഇന്ത്യന്‍ ത്രീ ഡി ചിത്രത്തിന്റെ സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്‍​ഗാമിയാണെന്ന് പറഞ്ഞ് ഒരു കുട്ടി വരുന്നതോടെയാണ് ബറോസിന്റെ കഥ തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55792/mohanlals-first-directorial-film-burroughs-making-video-out)