---
title: "ദിവസവും ജിം, മാസത്തിലൊരു പിസ, നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!"
english_title: "Gym every day, pizza a month, viral contract signed by newlyweds!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55430/gym-every-day-pizza-a-month-viral-contract-signed-by-newlyweds"
published_at: "2022-07-16T21:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2e2bb459a9_VIRAL.jpg"
keywords: []
---

# ദിവസവും ജിം, മാസത്തിലൊരു പിസ, നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!

> **Lead Summary:** നമ്മള്‍ വിവാഹത്തിന് മുന്‍പ് പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും, വിവാഹ ശേഷം അതില്‍ പലതും ഓര്‍ക്കാറ് പോലുമില്ല. എന്നാല്‍ അസാമില്‍ അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ മറന്ന് പോകാതിരിക്കാന്‍ ഒരു കാര്യം ചെയ്തു.

## Article Content

നമ്മള്‍ വിവാഹത്തിന് മുന്‍പ് പല വാഗ്ദാനങ്ങളും നല്‍കാറുണ്ടെങ്കിലും, വിവാഹ ശേഷം അതില്‍ പലതും ഓര്‍ക്കാറ് പോലുമില്ല. എന്നാല്‍ അസാമില്‍ അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ മറന്ന് പോകാതിരിക്കാന്‍ ഒരു കാര്യം ചെയ്തു.

വിവാഹ ശേഷം എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നൊക്കെ വിശദീകരിക്കുന്ന ഒരു ഉടമ്പടി ഉണ്ടാക്കി വിവാഹ വേളയില്‍ ഇരുവരും അതില്‍ ഒപ്പ് വച്ചു. ഇതിലെ നിബന്ധനകള്‍ ആളുകളെ തീര്‍ത്തും രസിപ്പിക്കുന്നതാണ്.

അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വധു ശാന്തിയും വരന്‍ മിന്റുവുമാണ് ഈ റൊമാന്റിക് ഉടമ്പടിയില്‍ ഒപ്പ് വച്ചത്. ജൂലൈ 9 -നായിരുന്നു അവരുടെ വിവാഹം. അതിലെ ചില രസകരമായ നിബന്ധനകള്‍ ഇതാണ്: മാസത്തില്‍ ഒരിക്കല്‍ മാത്രം പിസ കഴിക്കാം.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാകണം പ്രാധാന്യം. എല്ലാ ദിവസവും സാരി ധരിക്കണം. എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണം. രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പോകാം, പക്ഷെ അത് ഒരുമിച്ചാവണം. പോകുന്ന എല്ലാ പാര്‍ട്ടികളിലും നല്ല നല്ല ചിത്രങ്ങള്‍ എടുക്കണം.

ഞായറാഴ്ച പ്രാതല്‍ ഭര്‍ത്താവ് ഉണ്ടാക്കണം. ഏറ്റവും ഒടുവിലായി ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും ഷോപ്പിംഗ് നടത്തണം. ഇരുവരും കരാറില്‍ ഒപ്പ് വയ്ക്കുന്നതിന്റെ ഒരു വീഡിയോയും ദമ്പതികള്‍ പുറത്ത് വിട്ടിരുന്നു. കരാറിലെ നിബന്ധനകള്‍ വായിച്ച് ആളുകള്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്.

ഒരു വലിയ കാര്‍ഡ്‌ബോര്‍ഡിലാണ് നിബന്ധനകള്‍ എഴുതിയിരിക്കുന്നത്. അതിന് താഴെ ഇരുവരും ഒപ്പിടുന്നത് വീഡിയോവില്‍ കാണാം. അവര്‍ ഒപ്പ് വയ്ക്കുമ്പോള്‍ കൂടി നിന്നവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. കരാര്‍ തയ്യാറാക്കിയത് വധുവാണെന്ന് പറയപ്പെടുന്നു. എങ്കിലും, വരന്റെ പൂര്‍ണ്ണ പിന്തുന്ന ഈ കാര്യത്തില്‍ ഉണ്ടായിരുന്നുവെന്നതും വ്യക്തമാണ്.

എന്നാല്‍ ഈ ഐഡിയ നല്‍കിയത് തന്റെ സുഹൃത്തുക്കളാണ് എന്ന് ശാന്തി പറയുന്നു. 'എനിക്ക് പിസ ഇഷ്ടമാണ്. പക്ഷേ ഞാന്‍ ഇപ്പോള്‍ ഡയറ്റിലാണ്. അതുകൊണ്ടാണ് മാസത്തില്‍ ഒരു പിറ്റ്‌സ മാത്രം മതിയെന്ന് പറഞ്ഞത്. അതുപോലെ, മിന്റ് എല്ലാ ദിവസവും ജിമ്മില്‍ പോകുന്ന ആളാണ്. കൂടാതെ, ഞായറാഴ്ച പ്രാതല്‍ ഉണ്ടാകുന്ന കാര്യവും എനിക്ക് വളരെ ഇഷ്ടമായി.

എനിക്ക് പൂരി സബ്ജിയോ, അല്ലെങ്കില്‍ കുറച്ച് എരിവുള്ള കറിയോ ഒക്കെയാണ് ഇഷ്ടം. ആഴ്ചയില്‍ ഒരിക്കല്‍ മിന്റു പാചകം ചെയ്യുന്നതില്‍ തെറ്റില്ല. സാരി ഉടുക്കുന്ന കാര്യം എനിക്ക് അത്ര താല്പര്യമില്ലായിരുന്നു. പക്ഷേ അദ്ദേഹം മറ്റെല്ലാ നിബന്ധകളും പാലിക്കാമെന്ന് ഏറ്റപ്പോള്‍, അദ്ദേഹത്തിന് വേണ്ടി ഞാനും അത് സമ്മതിച്ചു,' ശാന്തി പറഞ്ഞു. ബിരുദധാരിയായ ശാന്തി ഒരു കോച്ചിംഗ് സെന്ററില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍.

എന്നാല്‍ വിവാഹത്തോടെ തന്റെ ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. വിവാഹശേഷമുള്ള കുറച്ച് വര്‍ഷങ്ങള്‍ ഭര്‍ത്താവിനെയും, വീട്ടുകാരെയും നോക്കി കഴിയാനാണ് അവളുടെ പദ്ധതി. ഇരുവരുടെയും വിവാഹ കരാര്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ആളുകള്‍ അവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. കരാറിലെ എല്ലാ നിബന്ധനങ്ങളും പാലിക്കാന്‍ സാധിക്കട്ടെ എന്നാളുകള്‍ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/55430/gym-every-day-pizza-a-month-viral-contract-signed-by-newlyweds)