---
title: "ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ  അന്തരിച്ചു"
english_title: "Film and advertisement director K.N. Sasidharan passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54206/film-and-advertisement-director-kn-sasidharan-passed-away"
published_at: "2022-07-11T10:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbb4767ec58_sasidharan.jpg"
keywords: []
---

# ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ  അന്തരിച്ചു

> **Lead Summary:**  ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം.

## Article Content

 ചലച്ചിത്ര, പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം.

പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്കാരം ഇന്നു വൈകിട്ട്.

തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കിയ കെ.എൻ. ശശിധരൻ, 1984ൽ പി.കെ. നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി.

സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു.

ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. ചില സന്ദർഭങ്ങളിലെങ്കിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ‘വന്നല്ലോ വനമാല’ പരസ്യം ശശിധരന്റേതാണ്. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.

### Related Links & Sources
- [Original Story Source](https://moviemax.in/news/54206/film-and-advertisement-director-kn-sasidharan-passed-away)