---
title: "പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും..."
english_title: "Now Pearli Mani has also come in support of Riaz."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52893/now-pearli-mani-has-also-come-in-support-of-riaz"
published_at: "2022-07-04T15:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2bc55029de_riyas.jpg"
keywords: []
---

# പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും...

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കുമ്പോള്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത് ദില്‍ഷ പ്രസസന്നന്‍ ആണ്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷയുടെ വിജയം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പലര്‍ക്കും ഈ വിജയം. 

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കുമ്പോള്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത് ദില്‍ഷ പ്രസസന്നന്‍ ആണ്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷയുടെ വിജയം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പലര്‍ക്കും ഈ വിജയം. 

കിരീടം നേടിയില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും ഓര്‍ക്കുന്നൊരു പേരായി മാറിയിരിക്കുകയാണ് റിയാസ് സലീം. 

വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന അന്നു മുതല്‍ ബിഗ് ബോസ് വീടിനെ നയിച്ചത് റിയാസായിരുന്നു. അടിയും വഴക്കും അറിവും എന്റര്‍ടെയ്ന്‍മെന്റുമൊക്കെയായി ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു. പലരും ഇത്തവണ റിയാസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് വിജയം നേടാനായില്ല. ഷോയിലെ സഹമത്സരാര്‍ത്ഥികളില്‍ പലരും ഇതിനോടകം തന്നെ റിയാസിന് പിന്തുണയും സ്‌നേഹവും അറിയിച്ചെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണറപ്പായ പേളി മാണിയും റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. റിയാസിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്ക് കമന്റ് ചെയ്തുകൊണ്ടാണ് പേളി എത്തിയത്. പുറത്താക്കപ്പെട്ട ശേഷം മോഹന്‍ലാലിന്റെ അരികിലേക്ക് എത്തുന്ന റിയാസിന് ലഭിക്കുന്ന സ്റ്റാന്റിംഗ് ഒവേഷനാണ് വീഡിയോയിലുള്ളത്. 

''മൈ ഫേവറീറ്റ്. പക്ഷെ പ്രിയപ്പെട്ടവര്‍ ഈ ഷോ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കും'' എന്നായിരുന്നു ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പേളിയുടെ കമന്റിന് മറുപടിയുമായി എത്തുന്നത്. സീസണ്‍ ഒന്നിലെ ജനപ്രീയ താരമായിരുന്നു പേളി. അവസാന ഘട്ടം വരെ പേളി വിജയിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ സാബു മോന്‍ കിരീടം നേടുകയായിരുന്നു. റിയാസിന്റെ പോസ്റ്റിന് കമന്റുമായി മറ്റൊരു ബിഗ് ബോസ് താരം അപര്‍ണയുമെത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടിയിരുന്ന വിജയി നീയായിരുന്നുവെന്നാണ് അപര്‍ണ പറയുന്നത്. നീയായിരിക്കും എന്നും ബിഗ് ബോസ് സീസണ്‍ 4 വിന്നര്‍ എന്നും അപര്‍ണ കുറിക്കുന്നുണ്ട്. നേരത്തെ സീസണ്‍ 2വിലെ താരമായ ആര്യയും റിയാസിന് പിന്തുണയുമായി എത്തിയിരുന്നു. 

പ്രിയപ്പെട്ട റിയാസ്, നീ ശരിക്കുമൊരു മുത്താണ്. നീ ഈ സീസണിലുണ്ടായിരുന്നുവെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നിന്നെ അറിയാന്‍ കുറേ പേര്‍ക്ക് പറ്റി.കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അടിപൊളിയാക്കിയതിന് നന്ദി. എന്നാണ് ആര്യ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/52893/now-pearli-mani-has-also-come-in-support-of-riaz)