ലോക്ഡൗണ്‍ കാലത്ത് നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ കൈയ്യടി വാങ്ങിയ നിരവധി പേരുണ്ട്. ഇപ്പോള്‍ മുംബൈയില്‍ നിന്നുമാണ് മാതൃകാപരമായൊരു വാര്‍ത്ത പുറത്ത് വരുന്നത്. മുംബൈ സ്വദേശിനിയും സിനിമാ നിര്‍മാതാവ് കൂടിയായ നിധി പര്‍മര്‍ ഹിരനന്ദനി എന്ന യുവതിയാണ് മുലപ്പാല്‍ ദാനം ചെയ്ത് മാതൃത്വത്തിന്റെ വില തെളിയിച്ചത്.
ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലായിരുന്നു നിധി ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇതിനകം നാല്പത് ലിറ്ററിന് മുകളില്‍ മുലപാലാണ് നിധി ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രചോദനം എന്താണെന്ന് ചോദിച്ചാല്‍ അതിനുമൊരു കഥയുണ്ടെന്ന് പറയുകയാണ് നിധിയിപ്പോള്‍.
നാല്പത്തിരണ്ട് വയസുകാരിയായ നിധി സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം തന്നെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ പാല് ഫ്രീസര്‍ നിറഞ്ഞ് തുടങ്ങിയതോടെയാണ് ബാക്കിയുള്ള പാല് എന്ത് ചെയ്യുമെന്ന് ചിന്തിച്ചത്.
മൂന്ന്മാസം വരെ മാത്രമേ ഫ്രീസറില്‍ പാല് കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുകയുള്ളു എന്ന് പലയിടത്തും കണ്ടിരുന്നു. 150 മില്ലിയോളം പാല് ശേഖരിച്ച മൂന്ന് പാക്കറ്റുകളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.
വൈകാതെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ഇതേ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവ ഫേസ്പാക് തയ്യാറാക്കാന്‍ ഉപയോഗിക്കാം എന്നും കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ എന്നും വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നുമൊക്കെയാണ് മറുപടികള്‍ വന്നത്.
എന്നാല്‍ ഇവയേക്കാളെല്ലാം കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റുക എന്ന ലക്ഷ്യത്തിന് വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കുകയായിരുന്നു. ശേഷം ഓണ്‍ലൈനിലൂടെ മുലപ്പാല്‍ ദാനത്തെ കുറിച്ചുള്ള തിരച്ചിലുകള്‍ ചെന്നെത്തിയത് അമേരിക്കയിലെ മുലപ്പാല്‍ സെന്ററുകളിലാണ്.
അങ്ങനെ തന്റെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും അത്തരം കേന്ദ്രങ്ങളുണ്ടോ എന്ന് പരിശോധിച്ചു.ആ സമയത്താണ് നിധിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മുംബൈയിലെ സൂര്യ ഹോസ്പിറ്റലിലെ മുലപ്പാല്‍ ബാങ്കിലേക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്.
മുലപ്പാല്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുന്നതിന് തൊട്ട് മുന്‍പാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ നിധിയുടെ വീട്ടിലെത്തി മുലപ്പാല്‍ ശേഖരിക്കാമെന്ന് അറിയിച്ചു.
അങ്ങനെ ഈ മേയ് മാസം മുതല്‍ ഇന്ന് വരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്ത് കഴിഞ്ഞു. സൂര്യ ഹോസ്പിറ്റലിലെ എന്‍ഐസിയു വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് പാല് നല്‍കുന്നത്.
പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ചവരെയും തൂക്കം കുറഞ്ഞ കുട്ടികളെയുമൊക്കെ ഇന്ക്യൂബേറ്ററിലിട്ട് പരിപാലിക്കുന്ന ഇടമാണിത്.ആവശ്യത്തിന് പാല് ലഭിക്കാത്ത അമ്മമാരുടെയും മരുന്നുകളും മറ്റും കഴിക്കുന്നതിനാല്‍ മുലയൂട്ടാന്‍ കഴിയാതിരിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്ക്കുമൊക്കെയാണ് നിധിയുടെ മുലപ്പാല്‍ കൊടുക്കുന്നത്.
ഒരിക്കല്‍ തന്റെ മുലപ്പാല്‍ വിനിയോഗിക്കന്നത് എങ്ങനെയെന്ന് അറിയാന്‍ നിധി ആശുപത്രിയില്‍ എത്തുകയും ചെയ്തിരുന്നു. അപ്പോഴാണ് അറുപതോളം കുഞ്ഞുങ്ങളെ അവിടെ കാണുന്നത്. തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം മുലപ്പാല്‍ ദാനം ചെയ്യാന്‍ ആ കാഴ്ച തന്നെ പ്രേരിപ്പിച്ചു.
മുലപ്പാലുട്ടുന്നതിന് കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള ജനങ്ങളുടെ വിമുഖതയെ കുറിച്ചും നിധി പറഞ്ഞിരുന്നു. തപ്സി പന്നു, ഭുമി പട്നേക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സാന്ത് കി ആംഗ് എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് നിധി പാര്‍മര്‍ ഹിരന്ദനി.
There are many people who buy applause through good deeds during lockdown. Now an exemplary news is coming out of Mumbai