---
title: "കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി, ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ "
english_title: "Mammootty sitting on the floor, photo shoot video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51367/mammootty-sitting-on-the-floor-photo-shoot-video-viral"
published_at: "2022-06-27T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b936a7763ce_MAMMOOTY.jpg"
keywords: []
---

# കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി, ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ 

> **Lead Summary:** മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു ഇന്നലെ. പല കാരണങ്ങളാല്‍ യോഗം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ യോഗത്തിനു ശേഷം സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

## Article Content

മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു ഇന്നലെ. പല കാരണങ്ങളാല്‍ യോഗം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ യോഗത്തിനു ശേഷം സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

സംഘടനയിലെ എല്ലാ അംഗങ്ങളും ഒരുമിക്കുന്ന ഏക സന്ദര്‍ഭമാണ് വാര്‍ഷിക ജനറല്‍ ബോഡി. ആ വേദിയില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോയും ഓരോ തവണയും ശ്രദ്ധ നേടാറുണ്ട്. ഇത്തവണ ആ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിലെ കൗതുകം സൂപ്പര്‍താരം മമ്മൂട്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിലത്താണ് ഇരിക്കുന്നത് എന്നതാണ്.

മറ്റു സൂപ്പര്‍ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ പിന്‍നിരയില്‍ കസേരകളിലാണ് ഇരിക്കുന്നത്. സംഘടന തന്നെ പുറത്തുവിട്ട വീഡിയോ ആരാധകരുടെ പ്രീതി നേടുന്നുണ്ട്. അതേസമയം ഇന്നലത്തെ 'അമ്മ' ജനറല്‍ ബോഡി യോഗത്തിന്‍റെ പല തീരുമാനങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷമ്മി തിലകനെതിരെയുള്ള അച്ചടക്ക നടപടിയാണ് ഇതില്‍ പ്രധാനം.

ഷമ്മിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നാണ് ആദ്യം പുറത്തെത്തിയ വിവരമെങ്കിലും വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അത് നിഷേധിച്ചു. സംഘടനയ്ക്കെതിരെ തുടര്‍ച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51367/mammootty-sitting-on-the-floor-photo-shoot-video-viral)