---
title: "'റോളക്സി'ന് യഥാര്‍ഥ റോളക്സ് സമ്മാനിച്ച് വിക്രം; നന്ദി പറഞ്ഞ് സൂര്യ"
english_title: "Now Kamal Haasan has given Surya an interesting gift."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47883/now-kamal-haasan-has-given-surya-an-interesting-gift"
published_at: "2022-06-08T15:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a077c618ee8_surya.jpg"
keywords: []
---

# 'റോളക്സി'ന് യഥാര്‍ഥ റോളക്സ് സമ്മാനിച്ച് വിക്രം; നന്ദി പറഞ്ഞ് സൂര്യ

> **Lead Summary:** തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തില്‍ പക്ഷേ ഏറ്റവും കുറവ് സ്ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികള്‍ നേടിയത് സൂര്യയായിരുന്നു .

## Article Content

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തില്‍ പക്ഷേ ഏറ്റവും കുറവ് സ്ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികള്‍ നേടിയത് സൂര്യയായിരുന്നു .

ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനവുമായെത്തിയ സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണര്‍ത്തുന്ന ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്‍.

ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്‍റെ ഒരു വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും താന്‍ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.., എന്നാണ് സൂര്യയുടെ ട്വീറ്റ്.

അതേസമയം അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടായിരിക്കുമെന്ന് കമല്‍ ഹാസന്‍ അറിയിച്ചിരുന്നു. വിക്രത്തിന്‍റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം വിക്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവന്‍ സഹ സംവിധായകര്‍ക്കും ബൈക്കുകളും സമ്മാനിച്ചിരുന്നു കമല്‍ ഹാസന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/47883/now-kamal-haasan-has-given-surya-an-interesting-gift)