---
title: "നയന്‍താര- വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സില്‍? സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്"
english_title: "Nayanthara-Vignesh marriage on Netflix? New reports out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47640/nayanthara-vignesh-marriage-on-netflix-new-reports-out"
published_at: "2022-06-07T12:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef7c00839f_NAYAN.jpg"
keywords: []
---

# നയന്‍താര- വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സില്‍? സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍. ആ വേദികളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രെന്‍ഡിം​ഗ് ആവാറുമുണ്ട്. ഇവയോടുള്ള പൊതുജനത്തിന്‍റെ വലിയ താല്‍പര്യം മനസിലാക്കി വിവാഹ വീഡിയോ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ രം​ഗത്തെത്തിയത് സമീപകാലത്താണ്.

## Article Content

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍. ആ വേദികളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രെന്‍ഡിം​ഗ് ആവാറുമുണ്ട്. ഇവയോടുള്ള പൊതുജനത്തിന്‍റെ വലിയ താല്‍പര്യം മനസിലാക്കി വിവാഹ വീഡിയോ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ രം​ഗത്തെത്തിയത് സമീപകാലത്താണ്.

കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന മറ്റൊരു താരവിവാഹവും പ്രേക്ഷകര്‍ക്ക് ഒടിടിയിലൂടെ കാണാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റാരുടേതുമല്ല, നയന്‍താര- വിഘ്നേഷ് ശിവന്‍  വിവാഹമാണ് അത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് പുറത്തെത്തുന്ന വിവരം. ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

ഈ താരവിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ​ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/47640/nayanthara-vignesh-marriage-on-netflix-new-reports-out)