---
title: "പ്രേക്ഷകരെ ഞെട്ടിച്ച് 'വിക്രം' സംവിധായകന്‍റെ അപേക്ഷ"
english_title: "'Vikram' director's request shocked the audience."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46842/vikram-directors-request-shocked-the-audience"
published_at: "2022-06-03T08:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62997ed663f3b_lokesh.jpg"
keywords: []
---

# പ്രേക്ഷകരെ ഞെട്ടിച്ച് 'വിക്രം' സംവിധായകന്‍റെ അപേക്ഷ

> **Lead Summary:** ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വിക്രം' എന്ന തീയറ്ററുകളില്‍ എത്തി. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വിക്രം ആയി എത്തുന്നത് ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

## Article Content

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വിക്രം' എന്ന തീയറ്ററുകളില്‍ എത്തി. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വിക്രം ആയി എത്തുന്നത് ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കമൽഹാസനാണ് വിക്രമായി എത്തുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. എന്നാല്‍ റിലീസിന് തൊട്ട് മുന്‍പ് സംവിധായകന്‍ ലോകേഷ് കനകരാജ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പ്രതീക്ഷകളും, അത് ഉണ്ടായ വഴിയും വ്യക്തമാക്കി ലോകേഷ് ഒരു പോസ്റ്റ് ഇട്ടത്.

തന്‍റെ ലെറ്റര്‍ പാഡിലെ ആ കത്തില്‍ കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രത്തിന്‍റെ ആവേശം ലോകേഷ് പങ്കുവച്ചു. ഒപ്പം തന്നെ ഇത്രയും ആവേശം തന്‍റെ മറ്റു റിലീസുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നു ലോകേഷ് പറയുന്നു. എന്നാല്‍ പോസ്റ്റിലെ അവസാന വരിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിക്രം കാണുന്നതിന് മുന്‍പ് ദയവായി ഒന്നുകൂടി തന്‍റെ ചിത്രമായ കൈതി കാണൂ എന്നാണ് സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് കൈതിയിലെ ചില ചിഹ്നങ്ങളും ചില കാര്യങ്ങളും അതില്‍ കണ്ടെത്തിയിരുന്നു പ്രേക്ഷകര്‍. കൈതിയില്‍ അവസാനം നായകനെക്കുറിച്ച് 'സംഭവം ഇറുക്ക്' (ഒരു സംഭവം ഉണ്ട്) എന്ന് പറയുന്നുണ്ട്. ഇത് വലിയ വൈറലായ ഡയലോഗാണ്. ഈ സംഭവം വിക്രം ആണോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്തായാലും ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വിക്രം ഷോകള്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, നേരത്തെ ആരംഭിച്ച ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്. റിലീസിന്‍റെ തലേദിവസമായ ഇന്നാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോവുക എന്നതിനാല്‍ അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ ഇനിയും ഉയരും.

കമല്‍ ഹാസന് വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ- ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ചിത്രത്തിന്. പുലര്‍ച്ചെ 5 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യ പ്രദര്‍ശനങ്ങളില്‍ പലതും ഹൌസ്ഫുളിന് അടുത്തെത്തിയിട്ടുണ്ട്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും അഭിനയിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികളില്‍ കൂടുതല്‍ താല്‍പര്യം ഉണര്‍ത്തുന്ന ഘടകമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46842/vikram-directors-request-shocked-the-audience)