---
title: "'ജന ​ഗണ മന' നെറ്റ്ഫ്ലിക്സില്‍; റിലീസ് മലയാളമുള്‍പ്പെടെ നാല് ഭാഷകളില്‍"
english_title: "'Jana Gana Mana' on Netflix; Release in four languages ​​including Malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46628/jana-gana-mana-on-netflix-release-in-four-languages-including-malayalam"
published_at: "2022-06-02T10:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62983f7e6750c_JANAGANAMANA.jpg"
keywords: []
---

# 'ജന ​ഗണ മന' നെറ്റ്ഫ്ലിക്സില്‍; റിലീസ് മലയാളമുള്‍പ്പെടെ നാല് ഭാഷകളില്‍

> **Lead Summary:** പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ജന ​ഗണ മനയ്ക്ക് ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

## Article Content

പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ജന ​ഗണ മനയ്ക്ക് ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

അര്‍ധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്ലിക്സ് ചിത്രം റിലീസ് ചെയ്‍തത്. മലയാളത്തില്‍ ഈ വര്‍ഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ജന ​ഗണ മന. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്.

ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്. അഭിമാനാര്‍ഹമായ നേട്ടമാണിത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്‍റണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന.

ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46628/jana-gana-mana-on-netflix-release-in-four-languages-including-malayalam)