ആര്യൻ ഖാൻറെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി . 6000 കോടി രൂപ ആസ്തിയുള്ള ഷാറൂഖ് ഖാന് ,44000 സ്‌കോയർ ഫീറ്റിൽ തീർത്ത 160 കോടി രൂപ വിലയുള്ള വീട്ടിൽ എല്ലാ ആഡംബരത്തോടെയും ലോകത്തെ ഏറ്റവും മുന്തിയ ഭക്ഷണവും കഴിച്ചു വളർന്ന സ്വന്തം മകന് ജാമ്യം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല .രണ്ടാഴ്ച അവനും കിടക്കണം സിമന്റ് തറയിൽ ജയിലിലെ ചപ്പാത്തിയും പരിപ്പും കഴിച്ചു കൊണ്ട് .ചിന്തിക്കുന്ന യുവതയ്ക്ക് ഏറെ പാഠങ്ങളുണ്ട് ഈ സംഭവത്തിൽ . ഇതൊക്കെ അങ്ങ് ബോംബെയിലും പിടിക്കപ്പെട്ടത് വലിയ ആളുകളും. മയക്കു മരുന്നെന്ന ദുരന്തം നമ്മുടെ പരിസര പ്രദേശത്ത്പടർന്നു പിടിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല .
നേരത്തെ പാത്തും പതുങ്ങിയും ഉപായയോഗിച്ചിരുന്നത് ഇപ്പോൾ പബ്ലിക് ആയി ഉപയോഗിക്കുന്നു അത്രയേ ഉള്ളു . പണ്ട് വിരലിൽ എണ്ണാവുന്നവർ ഈ മേഖലയിൽ വില്പനക്കാരായി ഉണ്ടായതെങ്കിൽ ഇന്നിപ്പോൾ വില്പനക്കാരും ലഭ്യതയും വളരെ കൂടി എന്നേയുള്ളു .. നിഷ്കളങ്കരായ ചെറുപ്പക്കാരെ ഈ ദുരന്ത മുഖത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവർ നമുക്ക് ചുറ്റുമുണ്ട് . ശ്രദ്ധിക്കേണ്ടത് നമ്മളാണ് .മയക്കു മരുന്ന് എന്നത് ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ ഒരു സംവിധാ നത്തിനും കഴിയില്ല .

പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം അനുവദിച്ചിട്ടുമുണ്ട് . ചില രാജ്യങ്ങളുടെ വരുമാനം തന്നെ മയക്കു മരുന്ന് കയറ്റുമതിയാണ് . മയക്കു മരുന്ന് റാക്കറ്റുകൾ ശക്തരാണ് , എളുപ്പം പൊട്ടിച്ചെറിയാൻ കഴിയില്ല . നമ്മൾ അതുമായി അകലം പാലിക്കുക എന്നത് മാത്രമേ പരിഹാരമായുള്ളൂ . നമ്മുടെ കുട്ടികളിൽ, അവരുടെ സ്വഭാവത്തിൽ എന്തെങ്കിലും ചെറിയൊരു മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ നിങ്ങളതിനെ അവഗണിക്കരുത്. മദ്യപാനം പോലെയോ സിഗരറ്റു വലി പോലെയോ അല്ല മയക്കു മരുന്നിന്റെ ഉപയോഗം .
ഇത് രണ്ടും ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവർ അതിനു അഡിക്‌ട് ആകണം എന്നില്ല ,എന്നാൽ മയക്കു മരുന്ന് ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ അതിനടിമകളായിത്തീരും. ഒരിക്കൽ അതിനടിമയായിക്കഴിഞ്ഞാൽ പിന്നൊരിക്കലും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ നമുക്ക് കഴിയില്ല , മയക്കു മരുന്നിനു അടിമയായ ഒരാളെ സംബന്ധിച്ചിടത്തോളം അവർക്കു മാതാപിതാക്കൾ എന്നോ ബന്ധുക്കൾ എന്നോ ഒരു തിരിച്ചറിവും ഉണ്ടാകില്ല. അവർക്കെല്ലാവരും ഒരു പോലെയാണ് . സമയത്തിന് മരുന്ന് കിട്ടാതിരുന്നാൽ അത് സംഘടിപ്പിക്കാൻ, വേണ്ടി വന്നാൽ മറ്റൊരാളെ കൊല്ലാൻ പോലും ഇവർ തയ്യാറായേക്കാം .

ഏറ്റവും ശ്രദ്ധ വേണ്ടത് നമ്മുടെ പഠിക്കുന്ന മക്കളിലാണ് , അത് ആണെന്നോ പെണ്ണെന്നോ വലിയ വ്യത്യാസമില്ല , ഈ ലോബി ആദ്യം വലവിരിക്കുന്നതു കുട്ടികളെയാണ് , ആദ്യമാദ്യം സൗജന്യമായി നൽകുകയും പിന്നീട് കാശിനു വിൽക്കുകയും വാങ്ങാൻ പൈസ ഇല്ലാത്ത അവസ്ഥ വരുമ്പോൾ വില്പനക്കാരുടെ ഏജന്റും ക്യാരിയർമാരും ഒക്കെ മാറി ജീവിതവും ഭാവിയും ഒക്കെ നഷ്ടപ്പെട്ടു നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെട്ടു ഒരു പുഴുത്ത പട്ടിയെ പോലെ ഏതെങ്കിലും തെരുവിൽ അവരുടെ ജീവിതം അവസാനിക്കും .
നമ്മളുടെ കുട്ടികളോട് അടുത്തിടപഴകുക ,അവരെ സുഹൃത്തുക്കളായി കാണുക . മക്കളുടെ മുകളിൽ അധികാരം സ്ഥാപിക്കുക എന്നതാണ് രക്ഷിതാവിന്റെ കർത്തവ്യമെന്നു കരുതിയ കാലം കഴിഞ്ഞു എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസിലാക്കുക , സൗമ്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുക .നമ്മുടെ മക്കൾ പ്ലാസ്റ്റിക് സ്കെയിൽ പോലെയാണെന്ന് മനസിലാക്കുക , ഒരു പരിധി വരെ വളച്ചാൽ വളയും , കൂടുതൽ വളക്കാൻ ശ്രമിച്ചാൽ അതങ്ങു പൊട്ടിപ്പോകും .അതാണ് കാല ഘട്ടമെന്ന ഉത്തമ ബോധ്യം നമുക്കാദ്യം ഉണ്ടാകണം .

അവരോടു പറഞ്ഞു മനസിലാക്കുക . എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക. എല്‍എസ്ഡി , എംഡിഎംഎ , കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ, പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.

ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. വീട്ടുകാരെ പേടിയാണോ, നീ ആണാണോടാ.. .എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ...
ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്... തിരിച്ചറിയുക.. ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങൾ വീണ് പോയിട്ടുണ്ടാകാം. ഒരു ഡ്രഗ് അഡിക്റ്റ് ആയി മാറി കഴിയുമ്പോൾ ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങൾ ഒരു കള്ളനും കൊലപാതകിയുമൊക്കെ ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്. നിങ്ങളുടെ ഡ്രഗ് അഡിക്ഷനാൽ നിങ്ങളുടെ വീട്ടുകാർ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാൽ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും.. നാടും നാട്ടുകാരുടെയും നമ്മുടെ ഭാവി തലമുറയുടെയും സ്വസ്ഥത നഷ്ടപ്പെടുന്ന ഇത്തരം വിപത്തിനെതിരെ ഒറ്റയാൾ പ്രതിരോധമല്ല വേണ്ടത് , അതൊരിക്കലും വിജയം കാണില്ല .
ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പാണ് ഇതിനെതിരെ വേണ്ടത് . അത് ശക്തമായ വേരുറപ്പുള്ള സാമൂഹ്യ സംഘടനകൾ വഴിയോ, ക്ലബ്ബുകൾ വഴിയോ ചെറുപ്പക്കാരുടെ കൂട്ടായ്മകൾക്കോ നിഷ്പ്രയാസം ഈ വിപത്തിനെ പ്രതിരോധിക്കാം . . അതിനുള്ള ശ്രമമാണ് വേണ്ടത് . മയക്കു മരുന്നും അതുപോലെ സമാനമായ ദൂഷിത വലയങ്ങളെ ചെറുക്കാനും പ്രതിരോധിക്കാനും ശക്തി ഉള്ളവരാണ് ഓരോ മഹല്ല് കമ്മിറ്റിയും , പക്ഷെ ധൗർഭാ ഗ്യകരം എന്ന് പറയെട്ടെ ഭൂരിഭാഗം മഹല്ലു കമ്മിറ്റികളും ഒരിക്കലും അവരുടെ ശക്തിയും ഉത്തരവാദിത്തവും എന്താണെന്നു ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം .. സാമൂഹ്യ സംഘടനകളും മഹല്ലുകാരുമൊക്കെ ഉണരുക . ഒരു മാറ്റത്തിനു സമയമായി , ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കു കാലം വിധിക്കുന്നത് അനന്തമായ ഉറക്കമായിരിക്കും .
മയക്കു മരുന്നുപയോഗിക്കുന്ന ചെറുപ്പക്കാരുടെ കൃത്യമായ ഡാറ്റ ഓരോ ജമാഅത്തിലും ഉണ്ടാകണം ,അത്തരം ആളുകളെ ഒറ്റപ്പെടുത്താതെ കൂട്ടിപ്പിടിച്ചു അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള അവബോധം ഉണ്ടാക്കി എടുക്കണം. അവരിൽ നിന്നും അത് പകരാതിരിക്കാൻ നിരന്തരം ശ്രമങ്ങൾ ഉണ്ടാകണം . ഓരോ മഹല്ലിന് കീഴിലും ഒരു റീഹാബിലിറ്റേഷൻ സെന്റർ തന്നെ ഉണ്ടാക്കണം . അഞ്ചു നേരത്തെ നമസ്കാരം എല്ലാം കൂടി ഒരു മണിക്കൂർ ദിവസത്തിൽ . അത് കഴിഞ്ഞാൽ പിന്നെ ആ പള്ളി ഉപയോഗിക്കുന്നെ ഇല്ല .
മഹല്ല് നിവാസികളുടെ ആകെ ഉന്നമനത്തിനു ഉതകുന്നതാവട്ടെ നമ്മുടെ പള്ളികളും മദ്രസ്സകളും കൃത്യമായി മക്കളെ ഓർമ്മിപ്പിക്കുക ഒരിക്കൽ നിങ്ങൾ നാര്‍കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോയുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ നിങ്ങളെ തേടി ആരും വരില്ല . നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്... നിങ്ങളുടെ പിതാവ് ഷാരൂഖ് ഖാൻ അല്ല .. മാതാവ് ഗൗരി ഖാനുമല്ല . ആശ്വസിപ്പിക്കാൻ ഒരു സൽമാൻ ഖാനും നിങ്ങളുടെ വീട് തേടി വരില്ല..
Content Highlight: Shah Rukh Khan could not get bail from Aryan Khan



































