യുവതിയോട് ചാറ്റ് ചെയ്തതിന് 20-കാരനെ ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയശേഷം നഗ്നനായി ഗ്രാമത്തിലൂടെ നടത്തി. കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയിലെ ആത്തിക്കെരെ ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ മാതാവിന്റെ പരാതിയില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 20-കാരനായ ഗണേഷ് എന്ന യുവാവിനെയാണ് ഒരു സംഘമാളുകള്‍ വീട്ടില്‍നിന്നും പിടിച്ചിറക്കി കൊണ്ടുപോയി ഒരു വിവാഹമണ്ഡപത്തില്‍ തടവില്‍വെച്ച് രണ്ടു ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം ദിവസം യുവാവിനെ ഗ്രാമത്തിലൂടെ നഗ്നനായി നടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോകള്‍ വ്യാപകമായി വാട്ട്സാപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന്, യുവാവിന്റ മാതാവ് പൊലീസില്‍ പരാതി നല്കി.
മകനെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയി രണ്ട് ദിവസം തടവില്‍വെച്ച് മര്‍ദ്ദിച്ചതായി യുവാവിന്റെ അമ്മ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മകനെ കൊണ്ടുപോവരുതെന്നും ഉപദ്രവിക്കരുതെന്നും യാചിച്ചിട്ടും അക്രമി സംഘം കേട്ടില്ലെന്ന് അമ്മ പറയുന്നു.
എന്തിനാണ് മകനെ പീഡിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല. തങ്ങളുടെ ഗ്രാമത്തിലെ ഒരു കുടുംബത്തിലുള്ളവരും ചില നാട്ടുകാരുമാണ് മകനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നും സംഭവത്തിനു ശേഷം മകന് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അമ്മ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. വാട്ട്സാപ്പിലൂടെ മൂന്ന് വീഡിയോകളാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിനെ ഒരിടത്തു വെച്ച് ഒരു സംഘമാളുകള്‍ മര്‍ദ്ദിക്കുന്നതാണ് രണ്ട് വീഡിയോകളിലുള്ളത്. മറ്റൊരു വീഡിയോയില്‍ ഇയാളെ നഗ്നനായി റോഡിലൂടെ നടത്തുന്ന ദൃശ്യമാണുള്ളത്.
ഈ വീഡിയോകള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്നാണ് മാതാവ് നല്കിയ പരാതിയില്‍ പൊലീസ് ഇടപെടലുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് സമീപത്തുള്ള ഒരു കുടുംബത്തിലെ യുവതിയുമായി സോഷ്യല്‍ മീഡിയയിലൂടെ സംസാരിച്ചതായി കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവതി ഗണേഷിനെ അങ്ങോട്ട് പോയി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചാറ്റ് ചെയ്യുന്നത് പതിവായിരുന്നു. ഈ ചാറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കളും ചിലരും ചേര്‍ന്ന് ഗണേഷിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി കൊണ്ട് വന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സാമ്പത്തികമായി താഴ്ന്നനിലയിലുള്ള കുടുംബത്തില്‍ പെട്ടതാണ് യുവാവെന്ന് കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ കുടുംബം സാമ്പത്തികമായി ഉന്നതിയിലുള്ളവരാണ്. യുവാവിനെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്.
20-year-old walks naked through village for chatting with young woman; Videos out