---
title: "'കെജിഎഫ് 2' ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക് കാണാം"
english_title: "'KGF2' is available for rent on Amazon Prime"
publisher: "moviemax.in"
canonical_url: "https://moviemax.in/news/43286/kgf2-is-available-for-rent-on-amazon-prime"
published_at: "2022-05-17T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628363b0511ec_kgf.jpg"
keywords: []
---

# 'കെജിഎഫ് 2' ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക് കാണാം

> **Lead Summary:** യാഷ് നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് 'കെജിഎഫ് : ചാപ്റ്റര്‍ 2'. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ 'കെജിഎഫ് 2' പ്രദർശനം തുടരുകയാണ്. 'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു.

## Article Content

യാഷ് നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് 'കെജിഎഫ് : ചാപ്റ്റര്‍ 2'. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ 'കെജിഎഫ് 2' പ്രദർശനം തുടരുകയാണ്. 'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിന് ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ (KGF 2). 'കെജിഎഫ് രണ്ട്' എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമാകുക. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാകും.

കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍.

ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍. 'കെജിഎഫ് ചാപ്റ്റര്‍ 2' ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു.

ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും 'കെജിഎഫ് രണ്ടി'ന്റെ പ്രത്യേകതയാണ്. ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ ഐമാക്സ് റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/43286/kgf2-is-available-for-rent-on-amazon-prime)