---
title: "ആമിര്‍ ഖാന്റെ മകള്‍ക്ക് പിന്തുണയുമായി നടി സോനാ മഹാപത്ര രംഗത്ത് "
english_title: "Actress Sona Mahapatra in support of Aamir Khan's daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42419/actress-sona-mahapatra-in-support-of-aamir-khans-daughter"
published_at: "2022-05-12T21:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d31b181d90_Untitled-1.jpg"
keywords: []
---

# ആമിര്‍ ഖാന്റെ മകള്‍ക്ക് പിന്തുണയുമായി നടി സോനാ മഹാപത്ര രംഗത്ത് 

> **Lead Summary:** കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പിറന്നാളാഘോഷമായിരുന്നു. സ്വിമ്മിങ് പൂള്‍ തീമിലായിരുന്നു ആഘോഷം.

## Article Content

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പിറന്നാളാഘോഷമായിരുന്നു. സ്വിമ്മിങ് പൂള്‍ തീമിലായിരുന്നു ആഘോഷം.

ബിക്കിനി ധരിച്ച്‌ കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇറ മാത്രമല്ല ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവരും സ്വിം സ്യൂട്ടാണ് അണിഞ്ഞിരുന്നത്.

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ ഇറയുടെ തൊട്ടരികിലായി ആമിറും അമ്മ റീന ദത്തയുമുണ്ടായിരുന്നു. ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന്‍ ആസാദ് റാവുവിനെയും ചിത്രത്തില്‍ കാണാം.

ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇറ ഖാന്‍ തന്നെയാണ് പങ്കുവച്ചത്. എന്നാല്‍ അതിനു പിന്നാലെ വിമര്‍ശനവും രൂക്ഷമായി.

ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ ഇറയെ പിന്തുണച്ചും നിരവധി പേര്‍ എത്തി.

ഇറയെ പിന്തുണച്ചുകൊണ്ടുള്ള നടി സോനാ മഹാപത്രയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല- എന്നാണ് സോനാ മഹാപത്ര കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/42419/actress-sona-mahapatra-in-support-of-aamir-khans-daughter)