---
title: "വിസ്‍മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി വരുന്നു  ; 'പുഴു' പ്രൊമോ പുറത്ത് "
english_title: "The 'PUZHU' promo has just been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41956/the-puzhu-promo-has-just-been-released"
published_at: "2022-05-10T20:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a8104d0497_PUZHU.jpg"
keywords: []
---

# വിസ്‍മയിപ്പിക്കാന്‍ വീണ്ടും മമ്മൂട്ടി വരുന്നു  ; 'പുഴു' പ്രൊമോ പുറത്ത് 

> **Lead Summary:** ഒന്നിനൊന്ന് വ്യത്യസ്‍തവും പ്രകടനസാധ്യതയുള്ളതുമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടേതായി വന്നുകൊണ്ടിരിക്കുന്നത്. ഭീഷ്‍മ പര്‍വ്വത്തിനും സിബിഐ 5നും ശേഷം പുഴു എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്.

## Article Content

ഒന്നിനൊന്ന് വ്യത്യസ്‍തവും പ്രകടനസാധ്യതയുള്ളതുമായ കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടേതായി വന്നുകൊണ്ടിരിക്കുന്നത്. ഭീഷ്‍മ പര്‍വ്വത്തിനും സിബിഐ 5നും ശേഷം പുഴു എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ് . ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്.

മെയ് 13ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സോണി ലിവ്. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41956/the-puzhu-promo-has-just-been-released)