---
title: "ജന ഗണ മന കനൽക്കാറ്റ് വിതക്കുന്ന വാക്കുകൾ ..."
english_title: "Responses to Jana Gana Mana Cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41901/responses-to-jana-gana-mana-cinema"
published_at: "2022-05-10T16:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a4ba410aad_JANAGAMANA.jpg"
keywords: []
---

# ജന ഗണ മന കനൽക്കാറ്റ് വിതക്കുന്ന വാക്കുകൾ ...

> **Lead Summary:** ഡിജോ ജോസ് ആന്റണി സംവിധാനവും ഷരീസ് മുഹമ്മദ് തിരക്കഥയും നിർവ്വഹിച്ച ജന ഗണ മന - എന്ന പൊളിറ്റിക്കൽ പാൻ ഇന്ത്യൻ സിനിമ - മനുഷ്യരെ യഥാർത്ഥ മനുഷ്യരാവാൻ അനുവദിക്കാത്ത വർത്തമാനകാല ഇന്ത്യയുടെ അവസ്ഥയാണ് അടയാളപ്പെടുത്തുന്നത്.

## Article Content

ഡിജോ ജോസ് ആന്റണി സംവിധാനവും ഷരീസ് മുഹമ്മദ് തിരക്കഥയും നിർവ്വഹിച്ച ജന ഗണ മന - എന്ന പൊളിറ്റിക്കൽ പാൻ ഇന്ത്യൻ സിനിമ - മനുഷ്യരെ യഥാർത്ഥ മനുഷ്യരാവാൻ അനുവദിക്കാത്ത വർത്തമാനകാല ഇന്ത്യയുടെ അവസ്ഥയാണ് അടയാളപ്പെടുത്തുന്നത്.

രാഷ്ട്രീയ- നിയമ ത്രില്ലർ സിനിമയിൽ നിന്നും പ്രതീക്ഷിക്കാവുന്നതിലും കരുത്തിലും ഉച്ചത്തിലും തിരശീലയിൽ ഉയിർക്കൊള്ളുന്ന കനൽക്കാറ്റു വിതയ്ക്കുന്ന വാക്കുകൾ, ഇന്ത്യൻ രാഷ്ട്രീയത്തെ ചൊടിപ്പിക്കുന്ന ക്ഷുഭിത യൗവ്വനങ്ങളുടെ ഉയിർപ്പാണ്.

അത് വെള്ളിത്തിരയിലെ സ്വപ്നമായാൽ പോലും , ചിന്ത പണയം വെക്കാത്തവർക്ക് എളുപ്പത്തിൽ തള്ളിക്കളയാൻ കഴിയില്ല. പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പാതി. പൃഥ്വിരാജ് എന്ന നടൻ , കലാകാരൻ- തന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്നു.

നിസ്സംഗത വെടിഞ്ഞ് ഇനിയെങ്കിലും ഉണരാത്ത പക്ഷം, നമ്മുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും കൂടുതൽ കൂടുതൽ അപകടത്തിലേക്കായിരിക്കും കൂപ്പുകുത്തുക. സിനിമയിൽ ഒരിടത്ത് പറയുന്നതു പോലെ - നോട്ടു നിരോധം മാത്രമല്ല, വോട്ടും നിരോധിക്കപ്പെടാം - ഇങ്ങനെ സമാനതകളില്ലാത്ത ഒരസ്വസ്ഥതയായി ഇന്ത്യയെ മാറ്റുന്ന കാഴ്ചകളിലേക്കാണ് ജന ഗണ മന - പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.

സിനിമ കണ്ട് രസിക്കാൻ മറന്നാലും സംഭാഷണം കേട്ട് ഒരു നിമിഷമെങ്കിലും വർത്തമാന കാല ഇന്ത്യയിലെ സാമൂഹ്യ- രാഷ്ട്രീയ നിയമ-നീതി വ്യവസ്ഥയുടെ ജീർണ്ണതയും ക്രൂരതയും ഓർക്കേണ്ടിവരും.

ഇന്ന് സിനിമ കണ്ടപ്പോൾ (ബിഎം തിയേറ്റർ - കക്കട്ട് ) കാഴ്ചകൾ പൂക്കുന്ന സമര വീഥികളുടെ മുഴക്കം വീണ്ടും മുഴങ്ങാതിരിക്കില്ലെന്ന പ്രതീക്ഷ ... അതിവിദൂരമെങ്കിലും .... പൃഥ്വിരാജ് സുകുമാരൻ എന്ന ചലച്ചിത്ര പ്രവർത്തകന് അഭിവാദ്യങ്ങൾ ....

### Related Links & Sources
- [Original Story Source](https://moviemax.in/news/41901/responses-to-jana-gana-mana-cinema)