---
title: "എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാനാവില്ലെന്ന് എനിക്കറിയാം : മമ്മൂട്ടി"
english_title: "I know you can not be a hero or a superstar all the time: Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41508/i-know-you-can-not-be-a-hero-or-a-superstar-all-the-time-mammootty"
published_at: "2022-05-08T17:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277b1d8caa90_MAMMOOTTY.jpg"
keywords: []
---

# എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാനാവില്ലെന്ന് എനിക്കറിയാം : മമ്മൂട്ടി

> **Lead Summary:** സിനിമയില്‍ എല്ലാക്കാലത്തും നായകനോ സൂപ്പര്‍സ്റ്റാറോ ആയി നിലനില്‍ക്കാനാവില്ലെന്ന് തനിക്കറിയാമെന്ന് മമ്മൂട്ടി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്റെ പ്രതിച്ഛായ.

## Article Content

സിനിമയില്‍ എല്ലാക്കാലത്തും നായകനോ സൂപ്പര്‍സ്റ്റാറോ ആയി നിലനില്‍ക്കാനാവില്ലെന്ന് തനിക്കറിയാമെന്ന് മമ്മൂട്ടി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്റെ പ്രതിച്ഛായ.

നായകന്‍, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടന്‍ എന്നും നടന്‍ തന്നെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടന്‍ ആകണമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം, മമ്മൂട്ടി പറഞ്ഞു.

പുഴു ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പുഴുവില്‍ പാര്‍വ്വതി തിരുവോത്ത് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

സോണി ലിവിന്റെ ഡയറക്ട് റിലീസ് ആണ് ചിത്രം. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു.

സംഗീതം ജേക്‌സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41508/i-know-you-can-not-be-a-hero-or-a-superstar-all-the-time-mammootty)