---
title: "ബോക്സ് ഓഫീസിൽ റോക്കി ഭായിയുടെ തേരോട്ടം; 'കെജിഎഫ് 2' ഇതുവരെ നേടിയത്"
english_title: "Rocky Bhai's race at the box office; 'KGF2' achieved so far"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40457/rocky-bhais-race-at-the-box-office-kgf2-achieved-so-far"
published_at: "2022-05-02T17:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fc5a1cd20c_KGF.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ റോക്കി ഭായിയുടെ തേരോട്ടം; 'കെജിഎഫ് 2' ഇതുവരെ നേടിയത്

> **Lead Summary:** കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി കെജിഎഫ് 2 പ്രദർശനം തുടരുകയാണ്. കഴിഞ്ഞ മാസം പതിനാലിന് തിയറ്ററുകളിൽ എത്തിയ യാഷ് ചിത്രം, ദേശകളും ഭാഷകളും കടന്ന് മുന്നേറുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണാൻ സാധിക്കുന്നത്.

## Article Content

കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി കെജിഎഫ് 2 പ്രദർശനം തുടരുകയാണ്. കഴിഞ്ഞ മാസം പതിനാലിന് തിയറ്ററുകളിൽ എത്തിയ യാഷ് ചിത്രം, ദേശകളും ഭാഷകളും കടന്ന് മുന്നേറുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണാൻ സാധിക്കുന്നത്.

എല്ലാ ഭാഷകളിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനും ചിത്രം നേടിക്കഴിഞ്ഞു. ഇതുവരെ ചിത്രം നേടിയത് 1025.61 കോടിയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിയജബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫി2ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 1115 കോടിയാണ് ഇതുവരെ ആർആർആർ നേടിയത്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/40457/rocky-bhais-race-at-the-box-office-kgf2-achieved-so-far)