---
title: "90 -കാരിക്ക് മുറ്റത്ത് നിന്നും കിട്ടിയത് അമൂല്യവസ്തു, 35 വർഷം മുമ്പ് കാണാതെപോയ ഭർ‌ത്താവിന്റെ വിവാഹമോതിരം!"
english_title: "The 90-year-old got the treasure from the yard, her husband's wedding ring that went missing 35 years ago!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39593/the-90-year-old-got-the-treasure-from-the-yard-her-husbands-wedding-ring-that-went-missing-35-years-ago"
published_at: "2022-04-27T13:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268f1947a6a0_viral.jpg"
keywords: []
---

# 90 -കാരിക്ക് മുറ്റത്ത് നിന്നും കിട്ടിയത് അമൂല്യവസ്തു, 35 വർഷം മുമ്പ് കാണാതെപോയ ഭർ‌ത്താവിന്റെ വിവാഹമോതിരം!

> **Lead Summary:** കോൺവാളിൽ നിന്നുള്ള ഒരു 90 -കാരി വളരെ അപ്രതീക്ഷിതമായി വളരെ അമൂല്യമായ ഒരു 'നിധി' കണ്ടെത്തിയ സന്തോഷത്തിലാണ്. അത് മറ്റൊന്നുമായിരുന്നില്ല, അത് അവരുടെ പ്രിയപ്പെട്ട ഭർത്താവിന്റെ വിവാഹമോതിരമായിരുന്നു. 35 വർഷം മുമ്പാണ് ആ മോതിരം കാണാതായത്.

## Article Content

കോൺവാളിൽ നിന്നുള്ള ഒരു 90 -കാരി വളരെ അപ്രതീക്ഷിതമായി വളരെ അമൂല്യമായ ഒരു 'നിധി' കണ്ടെത്തിയ സന്തോഷത്തിലാണ്. അത് മറ്റൊന്നുമായിരുന്നില്ല, അത് അവരുടെ പ്രിയപ്പെട്ട ഭർത്താവിന്റെ വിവാഹമോതിരമായിരുന്നു. 35 വർഷം മുമ്പാണ് ആ മോതിരം കാണാതായത്.

22 വർഷം മുമ്പ് മരിച്ച തന്റെ ഭർത്താവ് പീറ്ററിന്റെ മോതിരം 1987 -ൽ ലൂയിയിലെ അവരുടെ പൂന്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടതായി ഏഴ് കുട്ടികളുടെ അമ്മ കൂടിയായ ആൻ കെൻഡ്രിക്ക്( Ann Kendrick) പറഞ്ഞു. എന്നാൽ, അത് അന്നോ പിന്നീടോ കണ്ടെത്താനായിരുന്നില്ല.

ശനിയാഴ്ച പൂന്തോട്ടത്തിലെ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് കെൻഡ്രിക്ക് ആ മോതിരം കണ്ടത്. മോതിരം കണ്ടെത്തിയതിൽ താൻ ആവേശഭരിതയാണ് എന്നും തന്റെ ഭർത്താവും തന്നെപ്പോലെ തന്നെ ആശ്ചര്യപ്പെട്ടേനെ എന്നും അവർ പറഞ്ഞു. നിലത്ത് പുല്ല് ചെത്തി വൃത്തിയാക്കുന്നതിനിടയിലാണ് മോതിരം തെളിഞ്ഞ് വന്നത് എന്നും കെൻഡ്രിക് പറയുന്നു.

'അത് കണ്ടാൽ ഒരു വിവാഹമോതിരമാണ് എന്ന് ഒരിക്കലും തോന്നില്ലായിരുന്നു. അതൊരു ചെളിനിറഞ്ഞ ലോഹക്കഷ്ണം പോലെ മാത്രമായിരുന്നു. താൻ കുറേനേരം അത് നോക്കിയിരുന്നു. ഹേയ് ഒരിക്കലും അത് അതാവാൻ വഴിയില്ല എന്നാണ് ഞാൻ ചിന്തിച്ചത്.

മോതിരം കിട്ടിയത് തന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഇതേക്കുറിച്ച് ഒരു സുഹൃത്തിനോട് പറയുന്നതിനിടെ തനിക്ക് ശ്വാസം മുട്ടിപ്പോയി' എന്നും കെൻഡ്രിക് പറഞ്ഞു. ഏതായാലും അപ്രതീക്ഷിതമായി കിട്ടിയ ഈ നിധി നന്നാക്കാനും അത് തന്റെ മാലയിൽ കൊരുത്ത് ധരിക്കാനുമാണ് കെൻഡ്രിക് തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39593/the-90-year-old-got-the-treasure-from-the-yard-her-husbands-wedding-ring-that-went-missing-35-years-ago)