---
title: "'കസബയെ വിമർശിച്ചതിന് ബലാത്സംഗ ഭീഷണി വരെ; എന്റെ ജീവിതവും കരിയറും അവർ എടുത്തുകൊള്ളട്ടെ, പക്ഷേ പോരാടാതെ വിട്ടുകൊടുക്കില്ല'- വർഷങ്ങൾക്കിപ്പുറം മനസ് തുറന്ന് പാർവതി തിരുവോത്ത്"
english_title: "Parvathy Thiruvothu Opens Up on Rape Threats Over Kasaba Criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392937/parvathy-thiruvothu-kasaba-criticism-threats"
published_at: "2026-11-24T07:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04f0314aaee_parvathy-thiruvothu-kasaba-criticism-threats.jpg"
keywords: ["ParvathyThiruvothu", "KasabaControversy", "CyberAbuse", "WomenInCinema", "MalayalamCinema"]
---

# 'കസബയെ വിമർശിച്ചതിന് ബലാത്സംഗ ഭീഷണി വരെ; എന്റെ ജീവിതവും കരിയറും അവർ എടുത്തുകൊള്ളട്ടെ, പക്ഷേ പോരാടാതെ വിട്ടുകൊടുക്കില്ല'- വർഷങ്ങൾക്കിപ്പുറം മനസ് തുറന്ന് പാർവതി തിരുവോത്ത്

> **Lead Summary:** **2017**ലെ കസബ വിവാദവും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും തന്നെ എത്രത്തോളം ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ദി ഗ്രീൻ റൂം സീസൺ രണ്ടിൽ രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

## Article Content

**2017**ലെ കസബ വിവാദവും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും തന്നെ എത്രത്തോളം ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ദി ഗ്രീൻ റൂം സീസൺ രണ്ടിൽ രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

തനിക്കെതിരെയുണ്ടായ വിദ്വേഷം വർഷങ്ങളായി സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പ്രതിഫലനമായിരുന്നുവെന്നും പാർവതി പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ 'കസബ' എന്ന ചിത്രത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങളെയും രംഗങ്ങളെയും പാർവതി പരസ്യമായി വിമർശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 2017ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് സംഘടിപ്പിച്ച വേദിയിലായിരുന്നു പാർവതിയുടെ വിമർശനം.

മികച്ച നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ സ്ത്രീകളെ അപമാനിക്കുന്ന രംഗത്തിൽ അഭിനയിക്കുന്നത് നിരാശാജനകമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പാർവതിക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങളും ട്രോളുകളും ഉയർന്നു. ബലാത്സംഗ, വധഭീഷണികൾ വരെ ലഭിച്ചു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തനിക്കെതിരെയുണ്ടായ സൈബർ ആക്രമണം തന്നെ ഏറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് പാർവതി പറഞ്ഞു. തന്നിൽ നിന്ന് അകന്നുനിന്നവരെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ആ കാലഘട്ടത്തിൽ ഒറ്റപ്പെട്ടതായി തോന്നിയെന്നും താരം വെളിപ്പെടുത്തി.

എന്നാൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും ആരോഗ്യവും മാനസികാവസ്ഥയും സംരക്ഷിക്കാനും ആ അനുഭവം തന്നെ പഠിപ്പിച്ചുവെന്നും പാർവതി പറഞ്ഞു.

> "എന്റെ ജീവിതവും കരിയറും അവർക്ക് വേണമെങ്കിൽ എടുത്തുകൊള്ളട്ടെ എന്ന് ചിന്തിച്ച ഒരു ഘട്ടമുണ്ടായിരുന്നു. പക്ഷേ പോരാടാതെ ഞാൻ വിട്ടുകൊടുക്കില്ല. അതിന് വേണ്ടി അവസാന നിമിഷം വരെ പോരാടും" എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ പാർവതി 'ടേക്ക് ഓഫ്', 'ചാർലി', 'ബാംഗ്ലൂർ ഡേയ്സ്', 'മരിയാൻ', 'ഖരീബ് ഖരീബ് സിംഗിൾ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. 2024ൽ പുറത്തിറങ്ങിയ 'ഉള്ളൊഴുക്ക്', തമിഴ് ചിത്രങ്ങളായ 'തങ്കലാൻ', 'ഹെർ' എന്നിവയിലും താരം അഭിനയിച്ചു. 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ', 'ഐ, നോബഡി' എന്നിവയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

ഹൃത്വിക് റോഷന്റെ ആദ്യ നിർമാണ സംരംഭമായ 'ദി സ്റ്റോം' എന്ന വെബ് സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്. പ്രൈം വിഡിയോയ്ക്കായി എച്ച്ആർഎക്സ് ഫിലിംസ് നിർമിക്കുന്ന സീരീസ് അജിത്പാൽ സിങ് സംവിധാനം ചെയ്യും. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ സീരീസിൽ ആലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രമ ശർമ, സബ ആസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

Parvathy Thiruvothu has spoken about the cyber abuse and rape threats she faced after publicly criticising the 2016 film Kasaba. In an interview on The Green Room Season 2, she said the backlash exposed deep-rooted patriarchy and misogyny, but also taught her to stand firm and protect her mental health.

### Related Links & Sources
- [Original Story Source](https://moviemax.in/news/392937/parvathy-thiruvothu-kasaba-criticism-threats)