---
title: "'14 ദിവസം ഉപയോഗിച്ചു, എനിക്ക് ഒരു റിയാക്ഷനുമുണ്ടായില്ല, പണം നോക്കി എന്തും പ്രമോട്ട് ചെയ്യാറില്ല'; ഫെയർനെസ് ക്രീം വിവാദത്തിൽ നിലപാട് വ്യക്തമാക്കി റെനീഷ റഹ്മാൻ"
english_title: "Reneesha Rahiman responds to fairness cream controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392778/reneesha-rahiman-fairness-cream-controversy"
published_at: "2026-11-23T07:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03a57f2b47b_reneesha-rahiman-fairness-cream-controversy.jpg"
keywords: ["ReneeshaRahiman", "FairnessCream", "MalayalamNews", "EntertainmentNews", "KeralaNews"]
---

# '14 ദിവസം ഉപയോഗിച്ചു, എനിക്ക് ഒരു റിയാക്ഷനുമുണ്ടായില്ല, പണം നോക്കി എന്തും പ്രമോട്ട് ചെയ്യാറില്ല'; ഫെയർനെസ് ക്രീം വിവാദത്തിൽ നിലപാട് വ്യക്തമാക്കി റെനീഷ റഹ്മാൻ

> **Lead Summary:** ഫെയർനെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാർത്ത ചർച്ചയാകുന്നതിനിടെ, ആ ക്രീം പ്രമോട്ട് ചെയ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ റെനീഷ റഹ്മാൻ പ്രതികരണവുമായി രംഗത്ത്. ക്രീം ഉപയോഗിച്ചും പ്രമോട്ട് ചെയ്തും ഉണ്ടായ വിവാദത്തിൽ താനും ഞെട്ടിയെന്ന് റെനീഷ പറഞ്ഞു.

## Article Content

ഫെയർനെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാർത്ത ചർച്ചയാകുന്നതിനിടെ, ആ ക്രീം പ്രമോട്ട് ചെയ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ റെനീഷ റഹ്മാൻ പ്രതികരണവുമായി രംഗത്ത്. ക്രീം ഉപയോഗിച്ചും പ്രമോട്ട് ചെയ്തും ഉണ്ടായ വിവാദത്തിൽ താനും ഞെട്ടിയെന്ന് റെനീഷ പറഞ്ഞു.

> വീഡിയോയിലൂടെയാണ് റെനീഷ തന്റെ നിലപാട് വ്യക്തമാക്കിയത്. “ആ കുട്ടിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ കഴിയട്ടേ. ആരോഗ്യം മെച്ചപ്പെടട്ടെ, എന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും,” എന്ന് അവർ പറഞ്ഞു. ഉപയോഗിച്ച് നോക്കാതെ ഒരു പ്രൊഡക്ടും ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ലെന്നും, മാർച്ച്, ഏപ്രിൽ സമയത്താണ് ഈ ക്രീം പ്രമോട്ട് ചെയ്തതെന്നും റെനീഷ വിശദീകരിച്ചു.

അന്ന് താൻ മേമയുടെ മക്കളുടെ കൂടെ നീന്തൽ ക്ലാസിന് പോകുന്നുണ്ടായിരുന്നുവെന്നും ക്ലോറിൻ വെള്ളത്തിൽ കിടന്നിട്ട് നല്ല ടാൻ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അപ്പോൾ വന്ന പ്രമോഷൻ ആയതിനാൽ ഉപയോഗിച്ച ശേഷം മാത്രമേ പ്രമോട്ട് ചെയ്യൂ എന്ന നിലപാടാണ് അറിയിച്ചതെന്നും റെനീഷ പറഞ്ഞു. 14, 15 ദിവസത്തോളം ക്രീം ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് ലഭിച്ചുവെന്നും തനിക്ക് ഒരു തരത്തിലുമുള്ള റിയാക്ഷനും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

> “പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാൻ. തെറ്റായിട്ടുള്ള കാര്യങ്ങളോ ഉപയോഗിക്കാത്ത കാര്യങ്ങളോ ഞാനിന്നുവരെ പ്രൊമോഷൻ ചെയ്തിട്ടുമില്ല,” എന്നും റെനീഷ വീഡിയോയിൽ പറഞ്ഞു. എല്ലാവരുടെയും ശരീരാവസ്ഥയും സ്കിൻ ടൈപ്പും വ്യത്യസ്തമാണെന്നും, സോഷ്യൽ മീഡിയയിൽ പോസിറ്റീവ് റിവ്യൂ കണ്ട പ്രൊഡക്ടുകൾ പോലും ഉപയോഗിക്കുന്നതിന് മുൻപ് ഫിസിഷ്യനെയോ ഡോക്ടറെയോ ഡെർമറ്റോളജിസ്റ്റിനെയോ കണ്ട് ഉറപ്പുവരുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.

> “ഇത് എനിക്കും വലിയൊരു പാഠം തന്നെയാണ്” എന്നും റെനീഷ പറഞ്ഞു. ഫെയർനെസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/392778/reneesha-rahiman-fairness-cream-controversy)