---
title: "'അന്ന് സംഭവിച്ചത് ലൈംഗികാതിക്രമമാണെന്ന് തിരിച്ചറിഞ്ഞില്ല'; സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സ്വര ഭാസ്കർ"
english_title: "Swara Bhasker recalls harassment by director during 2011 shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391709/swara-bhasker-director-harassment-2011-shoot"
published_at: "2026-11-15T12:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af95a0319f37_swara-bhasker-director-harassment-2011-shoot.jpg"
keywords: ["SwaraBhasker", "MeToo", "BollywoodNews", "MovieNews", "SexualHarassment"]
---

# 'അന്ന് സംഭവിച്ചത് ലൈംഗികാതിക്രമമാണെന്ന് തിരിച്ചറിഞ്ഞില്ല'; സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സ്വര ഭാസ്കർ

> **Lead Summary:** **അ**ഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി ബോളിവുഡ് നടി സ്വര ഭാസ്കർ. 2011-ൽ മധ്യപ്രദേശിലെ പച്ച്മഡിയിൽ നടന്ന ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. അന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇടപെട്ട് തനിക്ക് സംരക്ഷണം നൽകിയതായും അവർ പറഞ്ഞു.

## Article Content

**അ**ഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി ബോളിവുഡ് നടി സ്വര ഭാസ്കർ. 2011-ൽ മധ്യപ്രദേശിലെ പച്ച്മഡിയിൽ നടന്ന ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. അന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇടപെട്ട് തനിക്ക് സംരക്ഷണം നൽകിയതായും അവർ പറഞ്ഞു.

‘ദി ഫ്രീ പ്രസ് ജേണലിന്’ നൽകിയ അഭിമുഖത്തിലാണ് സ്വര ഭാസ്കർ അനുഭവം പങ്കുവെച്ചത്. ‘തനു വെഡ്‌സ് മനു’വിനുശേഷം അഭിനയിച്ച ചിത്രമായിരുന്നു അത്. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്ന തനിക്ക് സിനിമാ മേഖലയിൽ സ്വന്തമായി ഒരു ടീമോ സഹായം തേടാൻ ആളുകളോ ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.

ശാരീരിക സ്പർശനം ഉണ്ടായിരുന്നില്ലാത്തതിനാൽ സംവിധായകന്റെ പെരുമാറ്റം തൊഴിലിടത്തിലെ ലൈംഗികാതിക്രമമാണെന്ന് അന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് നടി പറയുന്നു. വർഷങ്ങൾക്കുശേഷം ‘മീ ടൂ’ കാംപെയ്ൻ ശക്തമായപ്പോൾ മറ്റു സ്ത്രീകളുടെ അനുഭവങ്ങൾ വായിച്ചതോടെയാണ് താൻ നേരിട്ടതും ലൈംഗികാതിക്രമമാണെന്ന് മനസിലായതെന്നും അവർ കൂട്ടിച്ചേർത്തു.

56 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളുണ്ടായിരുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ദുരനുഭവം തുടങ്ങിയിരുന്നു. എന്നാൽ കരിയറിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായതിനാൽ സിനിമ ഉപേക്ഷിച്ച് പോകാൻ കഴിയുമായിരുന്നില്ലെന്നും സ്വര പറഞ്ഞു.

ഒടുവിൽ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറോട് കാര്യങ്ങൾ തുറന്നുപറഞ്ഞതായും അവർ പറഞ്ഞു. അദ്ദേഹം ഒപ്പം നിന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി നടന്നു. ‘അദ്ദേഹം എന്റെ സുഹൃത്തായി മാറി. എന്നെ സംരക്ഷിച്ചു. അന്ന് കൂടെ നിന്ന അദ്ദേഹം ഇന്ന് എന്റെ മാനേജരാണ്,’ എന്നും സ്വര ഭാസ്കർ പറഞ്ഞു.

Swara Bhasker has revealed that she faced inappropriate behavior from a director during an outdoor shoot early in her career, but did not recognize it as sexual harassment at the time. She said she later understood the nature of the incident after reading other women’s experiences during the MeToo movement.

### Related Links & Sources
- [Original Story Source](https://moviemax.in/news/391709/swara-bhasker-director-harassment-2011-shoot)