---
title: "'റെഡ് ഹിൽസ് കാർത്തികേയനായി മമ്മൂട്ടിയുടെ മാസ് വരവ്'; ധനുഷിനൊപ്പം വമ്പൻ ആക്ഷൻ ത്രില്ലർ, ആവേശം നിറച്ച് ‘ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്ത്"
english_title: "OM Trailer Out; Dhanush-Mammootty Film Set for Nov 20 Release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391545/om-trailer-dhanush-mammootty-release"
published_at: "2026-11-14T08:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7c9afcd95d_om-trailer-dhanush-mammootty-release.jpg"
keywords: ["OMTrailer", "Dhanush", "Mammootty", "RajkumarPeriyasamy", "SaiPallavi"]
---

# 'റെഡ് ഹിൽസ് കാർത്തികേയനായി മമ്മൂട്ടിയുടെ മാസ് വരവ്'; ധനുഷിനൊപ്പം വമ്പൻ ആക്ഷൻ ത്രില്ലർ, ആവേശം നിറച്ച് ‘ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്ത്

> **Lead Summary:** **ധ**നുഷിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം - ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേർന്ന വലിയൊരു സിനിമാനുഭവത്തിന്റെ സൂചനകളാണ് ട്രെയിലർ നൽകുന്നത്.

## Article Content

**ധ**നുഷിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം - ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേർന്ന വലിയൊരു സിനിമാനുഭവത്തിന്റെ സൂചനകളാണ് ട്രെയിലർ നൽകുന്നത്.

ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 20ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. കേരളത്തിലെ വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഘർഷങ്ങളും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാതലങ്ങളെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അധികാരവും നിയമവും അതിജീവനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കഥയുടെ ഉള്ളടക്കമെന്ന തോന്നലും ദൃശ്യങ്ങൾ നൽകുന്നു. ശക്തമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക നിമിഷങ്ങളും ട്രെയിലറിന്റെ ആകർഷണമായി മാറുന്നു.

റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി വേഷമിടുന്നത്. നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന കഥാപാത്രമാണ് നിത്യ.

സായ് പല്ലവിക്കൊപ്പം ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരുടെ കഥാപാത്രങ്ങളും ട്രെയിലറിൽ ശ്രദ്ധ നേടുന്നു. വ്യത്യസ്ത തലമുറകളിലെ അഭിനേതാക്കൾ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സായ് അഭയങ്കറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ദൃശ്യങ്ങളുടെ തീവ്രത കൂട്ടുന്നുണ്ട്.

‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷും സായ് പല്ലവിയും ‘മാരി 2’ന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/391545/om-trailer-dhanush-mammootty-release)