---
title: "'നാളെ ഞാൻ വെള്ളപുതച്ച് കിടക്കുമ്പോൾ എന്നെയും ഇങ്ങനെ കുറ്റപ്പെടുത്തില്ലേ?'; മരിക്കാൻ പോലും ഭയം തോന്നുന്നുവെന്ന് നടൻ സിദ്ദീഖ്, വൈറലായി കുറിപ്പ്"
english_title: "‘Will They Blame Me Too When I Lie Shrouded Tomorrow?’: Siddique’s Viral Post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391365/siddique-viral-facebook-post-funeral-hypocrisy"
published_at: "2026-11-12T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5e3b5d5e30_siddique-viral-facebook-post-funeral-hypocrisy.jpg"
keywords: ["Siddique", "FacebookPost", "MalayalamCinema", "ViralPost", "SocialMedia"]
---

# 'നാളെ ഞാൻ വെള്ളപുതച്ച് കിടക്കുമ്പോൾ എന്നെയും ഇങ്ങനെ കുറ്റപ്പെടുത്തില്ലേ?'; മരിക്കാൻ പോലും ഭയം തോന്നുന്നുവെന്ന് നടൻ സിദ്ദീഖ്, വൈറലായി കുറിപ്പ്

> **Lead Summary:** **മ**നുഷ്യന്റെ ഇരട്ടത്താപ്പുകളെയും മരണവീടുകളിലെ വിചാരണകളെയും തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് നടന്‍ സിദ്ദീഖ്. മരണം പോലും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്കും ആത്മപ്രശംസയ്ക്കുമുള്ള അവസരമായി മാറ്റുന്ന ചില ആളുകളുടെ മനോഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.

## Article Content

**മ**നുഷ്യന്റെ ഇരട്ടത്താപ്പുകളെയും മരണവീടുകളിലെ വിചാരണകളെയും തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് നടന്‍ സിദ്ദീഖ്. മരണം പോലും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്കും ആത്മപ്രശംസയ്ക്കുമുള്ള അവസരമായി മാറ്റുന്ന ചില ആളുകളുടെ മനോഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.

യാത്രപോലും പറയാതെ പെട്ടെന്ന് മരിച്ചുപോയ പ്രമുഖനായ തന്റെ സുഹൃത്തിന്റെ ഭൗതികശരീരം കാണാന്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന സംഭാഷണങ്ങളും അനുഭവവും ഒത്തിരി വേദനിപ്പിച്ചെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

മരണവീടുകളിലേക്ക് ആളുകൾ ഓടിയെത്തുന്നത് ദുഃഖം കൊണ്ടുമാത്രമല്ലെന്നും, മരിച്ചത് താനല്ലല്ലോ എന്ന ചെറിയൊരു ആശ്വാസത്തോടെ കൂടിയാണ്. ഓരോരുത്തരും യാത്രപറയുമ്പോൾ തങ്ങൾ ഇവിടെത്തെയുണ്ടല്ലോ എന്ന സന്തോഷം പലരിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് പറയാനാകില്ലെങ്കിലും, ഒരു മരണവീട്ടില്‍ നിന്നുപോലും മരിച്ചയാളെ കുറ്റപ്പെടുത്തുന്ന രീതി ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

ജീവിച്ചിരിക്കുമ്പോള്‍ ഒരാളെക്കുറിച്ച് നല്ലത് പറയാത്തവര്‍ മരിച്ചുകഴിയുമ്പോള്‍ വാനോളം പുകഴ്ത്തുന്നത് മറ്റുള്ളവരുടെ മുന്നില്‍ നല്ലവനാകാനാണ്. എന്നാല്‍ ചിലര്‍ മരിച്ചു കിടക്കുന്നയാളെപ്പോലും കുറ്റപ്പെടുത്തുന്നു. മരണം എന്നത് തന്റെ മിടുക്ക് കൊണ്ടാണെന്ന് ഇവര്‍ വിചരിക്കുന്നുണ്ടാകാം എന്ന് സിദ്ദീഖ് പരിഹസിക്കുന്നു.

‘‘നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോള്‍, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവര്‍ വന്നു നിന്ന്, എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ?… മരിച്ചു കിടക്കുമ്പോള്‍ മറ്റുള്ളവര്‍ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓര്‍ത്തിട്ട് എനിക്കിപ്പോള്‍ മരിക്കാന്‍ ഭയം തോന്നുന്നു’’ എന്നാണ് നടന്‍ കുറിക്കുന്നത്.

മരണം ആരുടെയും കുറ്റമല്ലെന്നും ആരും അറിഞ്ഞുകൊണ്ട് വിളിച്ചുവരുത്തുന്നതല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ‘‘ജീവിക്കാന്‍ ധൈര്യമില്ലാത്തവര്‍ ആത്മഹത്യ ചെയ്യുന്നു.

അതിനും ധൈര്യമില്ലാത്തവര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു’’ എന്ന വരികളോടെയാണ് സിദ്ദീഖ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മനുഷ്യ മനസിലെ സ്വാർഥതയും കാപട്യവും തുറന്നുകാട്ടിയ ഈ കുറിപ്പിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Actor Siddique has shared a Facebook post sharply criticizing hypocrisy and the tendency to judge even the dead at funeral homes. In the note, he says the thought of being blamed after death now makes him fear dying, and the post has gone viral on social media.

### Related Links & Sources
- [Original Story Source](https://moviemax.in/news/391365/siddique-viral-facebook-post-funeral-hypocrisy)