---
title: "'ചാമ്പിക്കോ' അബദ്ധം മമ്മൂട്ടിക്ക് അയച്ച് കൊടുത്ത് നിര്‍മൽ പാലാഴി, ഒടുവില്‍ 'മൈക്കിളപ്പന്റെ' മറുപടി"
english_title: "Nirmal Palazhi sends 'Champico' mistake to Mammootty, finally 'Michaellappan' reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39101/nirmal-palazhi-sends-champico-mistake-to-mammootty-finally-michaellappan-reply"
published_at: "2022-04-24T19:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62655a0951b0b_mammooty.jpg"
keywords: []
---

# 'ചാമ്പിക്കോ' അബദ്ധം മമ്മൂട്ടിക്ക് അയച്ച് കൊടുത്ത് നിര്‍മൽ പാലാഴി, ഒടുവില്‍ 'മൈക്കിളപ്പന്റെ' മറുപടി

> **Lead Summary:** ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തി സിനിമാസ്വാദകരെ വേറൊരു തലത്തിലെത്തിച്ച മമ്മൂട്ടി ചിത്രമാണ് 'ഭീഷ്‍മ പര്‍വം'. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോ​ഗിന് വൻ സ്വീകാര്യതയാണ് എമ്പാടും ലഭിച്ചത്.

## Article Content

ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തി സിനിമാസ്വാദകരെ വേറൊരു തലത്തിലെത്തിച്ച മമ്മൂട്ടി ചിത്രമാണ് 'ഭീഷ്‍മ പര്‍വം'. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോ​ഗിന് വൻ സ്വീകാര്യതയാണ് എമ്പാടും ലഭിച്ചത്.

കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസമില്ലാതെ, രാഷ്ട്രീയ പ്രവര്‍ത്തകരും മത നേതാക്കളുമടക്കം ചാമ്പിക്കോ ട്രെന്‍ഡിന്റെ ഭാഗമായി. നടൻ നിർമൽ പാലാഴി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെയ്ത ചാമ്പിക്കോ വീഡിയോ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് നിര്‍മല്‍ പാലാഴി ട്രെന്‍ഡ് വീഡിയോ ഷൂട്ട് ചെയ്തത്. മൈക്കിളപ്പനായി വീഡിയോയില്‍ എത്തിയ നിര്‍മ്മല്‍ പാലാഴി മ്യൂസിക്കിന് ഒപ്പം കാലിന്മേല്‍ കാല് കയറ്റിവയ്ക്കാന്‍ ശ്രമിച്ചതാണ് കുരുക്കായത്.

ഒരു കാലിന്റെ മുകളില്‍ കാലെടുത്ത് വയ്‍ക്കാൻ നോക്കിയ നിര്‍മലിന് അതിന് കഴിയുന്നില്ല. ഒപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്യുന്നവര്‍ സഹായിക്കാൻ നോക്കുന്നു. കാല്‍ എടുത്ത് വച്ച് നിര്‍മലിന് അവിടെ നിന്ന് എഴുന്നേല്‍ക്കാനും പറ്റാത്ത രംഗമാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറലായതോടെ നിര്‍മൽ തങ്ങളുടെ ചാമ്പിക്കോ വീഡിയോ മമ്മൂട്ടിക്ക് തന്നെ അയച്ചുകൊടുത്തു. വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത വീഡിയോ കണ്ട മമ്മൂട്ടി, തനിക്ക് വീഡിയോ ഇഷ്ടപ്പെട്ടെന്ന് കാണിച്ച് രണ്ട് സ്‌മൈലികള്‍ മറുപടിയായി അയച്ചു. പിന്നാലെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം നിര്‍മൽ പാലാഴി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39101/nirmal-palazhi-sends-champico-mistake-to-mammootty-finally-michaellappan-reply)