---
title: "'ഫോണിൽ സംസാരിച്ചപ്പോൾ തന്നെ ഇഷ്ടമായി, നേരിൽ കണ്ടപ്പോൾ വിവാഹവും തീരുമാനിച്ചു'; വരനെ പരിചയപ്പെടുത്തി റിമി ടോമി, കല്യാണം ഈ മാസം"
english_title: "Rimi Tomy reveals fiance Libin Mathew and wedding plans in Mumbai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389924/rimi-tomy-reveals-fiance-wedding-mumbai"
published_at: "2026-11-02T17:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae880f56a089_rimi-tomy-reveals-fiance-wedding-mumbai.jpg"
keywords: ["RimiTomy", "LibinMathew", "MalayalamEntertainment", "MumbaiWedding", "SingerNews"]
---

# 'ഫോണിൽ സംസാരിച്ചപ്പോൾ തന്നെ ഇഷ്ടമായി, നേരിൽ കണ്ടപ്പോൾ വിവാഹവും തീരുമാനിച്ചു'; വരനെ പരിചയപ്പെടുത്തി റിമി ടോമി, കല്യാണം ഈ മാസം

> **Lead Summary:** **ഗാ**യിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബിൽഡറും തന്റെ ഫിറ്റ്‌നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരനെന്ന് റിമി ടോമി വ്യക്തമാക്കി. വിവാഹം ഈ മാസം തന്നെ മുംബൈയിൽ നടക്കുമെന്നും അവർ പറഞ്ഞു.

## Article Content

**ഗാ**യിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബിൽഡറും തന്റെ ഫിറ്റ്‌നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരനെന്ന് റിമി ടോമി വ്യക്തമാക്കി. വിവാഹം ഈ മാസം തന്നെ മുംബൈയിൽ നടക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത റിമി ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ വരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയ പുതിയ വീഡിയോയിലാണ് ലിബിൻ മാത്യുവാണ് വരനെന്ന് അവർ വ്യക്തമാക്കിയത്. നവംബറിലാണ് കല്യാണമെന്നും ചടങ്ങുകൾ ലളിതമായ രീതിയിലായിരിക്കുമെന്നും റിമി പറഞ്ഞു.

> "നവംബറിലാണ് കല്യാണം. കല്യാണച്ചെക്കൻ ബോംബെയിൽ നിന്നാണ്, മലയാളി തന്നെയാണ് ബോഡി ബിൽഡറാണ്. ട്രെയ്‌നറാണ്. എന്റെ ഇപ്പോഴത്തെ കോച്ചാണ്. പേര് ലിബിൻ മാത്യു. മാർച്ച് 10-നാണ് ഞങ്ങൾ ആദ്യം ഫോണിൽ സംസാരിക്കുന്നത്. മാർച്ച് 14ന് എടുത്ത ഒരു ഫോട്ടോ ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. അതിന് മുൻപേ തന്നെ ഫോണിൽ സംസാരിച്ച് ഇഷ്ടമായി.

> കല്യാണം എന്ന തീരുമാനത്തിലേക്ക് അപ്പോൾ തന്നെ എത്തി എന്നതാണ് സത്യം. ചിലരെ കാണുമ്പോൾ പെട്ടെന്ന് ഒരു കണക്ഷൻ തോന്നില്ലേ? ബോംബെയിൽ വെച്ചാണ് വിവാഹം. ഡോംബിവല്ലി എന്ന സ്ഥലത്ത് ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും ചടങ്ങുകൾ. ലളിതമായ ചടങ്ങുകൾ മാത്രമെയുള്ളൂ. ഇൻഡസ്ട്രിയിൽ നിന്നു പോലും അങ്ങനെ ആരെയും വിളിക്കുന്നില്ല", എന്നാണ് റിമി പുതിയ വീഡിയോയിൽ പറഞ്ഞത്.

> വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ മുൻ ഭർത്താവിന്റെ ചിത്രം ചേർത്ത് ചിലർ പോസ്റ്റുകൾ ഇടുന്നതിനെക്കുറിച്ചും റിമി പ്രതികരിച്ചു. "മുൻ ഭർത്താവിന്റെ ഫോട്ടോ വെച്ച് ഒരുപാട് പോസ്റ്റുകൾ കണ്ടു. അവരെ വെറുതേ വിട്ടേക്ക്.

> അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പാർട്ണറെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്നു. ഈ സമയത്ത് എന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതേ പറയുന്നത്" എന്നായിരുന്നു റിമിയുടെ പ്രതികരണം.

Singer Rimi Tomy has announced that she is getting married again this month in Mumbai. She identified her groom as Libin Mathew, a Malayali bodybuilder and her current fitness trainer, saying they connected over phone before meeting in person.

### Related Links & Sources
- [Original Story Source](https://moviemax.in/news/389924/rimi-tomy-reveals-fiance-wedding-mumbai)