---
title: "ആക്ഷന്‍ ഹീറോ ബിജു സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പായി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെയുള്ള എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി"
english_title: "Action Hero Biju financial dispute settled; FIRs against Nivin Pauly and Abrid Shine quashed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389159/action-hero-biju-dispute-settled-firs-quashed"
published_at: "2026-10-28T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c465eaa02_action-hero-biju-dispute-settled-firs-quashed.jpg"
keywords: ["NivinPauly", "AbridShine", "ActionHeroBiju", "KeralaHighCourt", "FilmDispute"]
---

# ആക്ഷന്‍ ഹീറോ ബിജു സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പായി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെയുള്ള എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

> **Lead Summary:** **‘ആ**ക്ഷന്‍ ഹീറോ ബിജു’ സിനിമയുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന സാമ്പത്തിക തര്‍ക്കത്തിന് വിരാമം. നടന്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, നിര്‍മാതാവ് പി.എസ്. ഷംനാസ് എന്നിവര്‍ തമ്മിലുണ്ടായിരുന്ന 1.9 കോടി രൂപയുടെ തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്.

## Article Content

**‘ആ**ക്ഷന്‍ ഹീറോ ബിജു’ സിനിമയുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന സാമ്പത്തിക തര്‍ക്കത്തിന് വിരാമം. നടന്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, നിര്‍മാതാവ് പി.എസ്. ഷംനാസ് എന്നിവര്‍ തമ്മിലുണ്ടായിരുന്ന 1.9 കോടി രൂപയുടെ തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്.

ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കുമെതിരെ വിവിധ പൊലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും ഹൈക്കോടതി റദ്ദാക്കി. നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും, നിര്‍മാതാവ് പി.എസ്. ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമാണ് റദ്ദാക്കിയത്.

'ആക്ഷന്‍ ഹീറോ ബിജു-2' എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വ്യാജ കേസില്‍ കലാശിച്ചത്. നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഷംനാസിനെതിരെ നേരത്തെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു.

2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശിയായ ഷംനാസ് എന്നിവര്‍ തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ചിത്രത്തിന്റെ എല്ലാത്തരം അവകാശങ്ങളും നിവിന്റെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാല്‍, ഈ വിവരം മറച്ചുവെച്ച് ഫിലിം ചേംബറില്‍നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖയും ഹാജരാക്കി.

തുടര്‍ന്ന് ഫിലിം ചേംബറില്‍ നിന്നുള്ള രേഖ കാണിച്ച് സിനിമയുടെ പൂര്‍ണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും, നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് നേടുകയും ചെയ്തു.

എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് രേഖകള്‍ ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 2024 ജൂലൈ 29ന് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതി തന്നെയാണ്, ആ വിധി തെറ്റിദ്ധാരണയിലൂടെ നേടിയതാണെന്ന് കണ്ടെത്തി ഷംനാസിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ ഈ കേസുള്‍പ്പെടെയുള്ളവയാണ് ഒത്തുതീര്‍പ്പായിരിക്കുന്നത്.

The long-running financial dispute linked to Action Hero Biju has been settled, with the Kerala High Court quashing the FIRs against Nivin Pauly, Abrid Shine and producer P.S. Shamnas. The case involved a Rs 1.9 crore dispute and allegations tied to rights over Action Hero Biju 2.

### Related Links & Sources
- [Original Story Source](https://moviemax.in/news/389159/action-hero-biju-dispute-settled-firs-quashed)