---
title: "'എന്റെ മുഖം മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ചു, ഷെയർ ചെയ്യുന്നവരും കുടുങ്ങും'; നിയമനടപടിക്ക് മുന്നറിയിപ്പുമായി നടി സുനൈന"
english_title: "Sunaina Warns of Legal Action Over Morphed Obscene Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389079/sunaina-warns-legal-action-morphed-obscene-video"
published_at: "2026-10-28T09:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae171c5af7bf_sunaina-warns-legal-action-morphed-obscene-video.jpg"
keywords: ["Sunaina", "AIDeepfake", "CyberCrime", "LegalAction", "MorphedVideo"]
---

# 'എന്റെ മുഖം മോർഫ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ചു, ഷെയർ ചെയ്യുന്നവരും കുടുങ്ങും'; നിയമനടപടിക്ക് മുന്നറിയിപ്പുമായി നടി സുനൈന

> **Lead Summary:** **ത**ന്റെ മുഖം അശ്ലീല ദൃശ്യങ്ങളിൽ മോർഫ് ചെയ്തു നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യന്‍ താരം സുനൈന. വീഡിയോ നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ആരംഭിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തനിക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ സുനൈന പ്രതികരിച്ചത്.

## Article Content

**ത**ന്റെ മുഖം അശ്ലീല ദൃശ്യങ്ങളിൽ മോർഫ് ചെയ്തു നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യന്‍ താരം സുനൈന. വീഡിയോ നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ആരംഭിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തനിക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ സുനൈന പ്രതികരിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് മുഖേന നിര്‍മിച്ച വീഡിയോ ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യുന്ന എല്ലാവരും നിയമപരമായി ബാധ്യസ്ഥരാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം പറയുന്നു. ഡിജിറ്റലി നിർമിച്ച ദൃശ്യങ്ങളുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ സുനൈന, സംഭവത്തെ തന്റെ വ്യക്തിത്വത്തിനും അന്തസിനും മേലുള്ള കടന്നുകയറ്റമായാണ് വിശേഷിപ്പിച്ചത്.

എന്റെ മുഖവും ഭാവങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളിലേക്ക് മോർഫ് ചെയ്ത് ചേർത്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഡിജിറ്റലായി കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ ദൃശ്യങ്ങൾ. ഏറെ നിന്ദ്യവും ദുരുദ്ദേശ്യപരവുമായ ഈ പ്രവർത്തിയിൽ ഞാൻ അങ്ങേയറ്റം അസ്വസ്ഥയും അറപ്പുള്ളവളുമാണ്. സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ ഞാൻ ഇതിനെ അപലപിക്കുന്നു, നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വീഡിയോയുമായി തനിക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നുള്ള പ്രചരണങ്ങൾ തികച്ചും വ്യാജവുമാണെന്നും കൂട്ടിച്ചേർത്തു.

വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടുത്ത ലംഘനമാണ് ഇത്തരം പ്രവർത്തികളെന്ന് താരം ചൂണ്ടിക്കാട്ടി. ഐടി ആക്ട് 2000, ഭാരതീയ ന്യായ സംഹിത 2023 എന്നിവയിലെ വകുപ്പുകൾ പ്രകാരം ഇത് ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലുമാണെന്ന് സുനൈന വ്യക്തമാക്കി.

ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ഷെയർ ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യുന്നവർ ഉടനടി അതവസാനിപ്പിക്കണം. നിങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഇത് പൂർണമായും ഡിലീറ്റ് ചെയ്യണം.

ഈ ഉള്ളടക്കം നിർമ്മിക്കുകയോ പബ്ലിഷ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്ത വ്യക്തികൾക്കെതിരെ മുൻകൂട്ടി അറിയിക്കാതെ തന്നെ ക്രിമിനൽ, സിവിൽ നടപടികൾ ആരംഭിക്കും. വീഡിയോ ഷെയർ ചെയ്യുന്നവരും ഇതിന് ഉത്തരവാദികളായിരിക്കുമെന്നും സുനൈന അറിയിച്ചു.

അത്തരം വ്യാജ വീഡിയോ പ്രചരിപ്പിക്കരുതെന്നും ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിൽ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ആരാധകരോടും മാധ്യമങ്ങളോടും പൊതുജനങ്ങളോടും നടി അഭ്യർത്ഥിച്ചു. തനിക്കു സാധ്യമായ നിയമപരമായ എല്ലാ അവകാശങ്ങളും വിനിയോഗിക്കുമെന്ന് പറഞ്ഞാണ് സുനൈന കുറിപ്പ് അവസാനിപ്പിച്ചത്.

Sunaina has condemned the circulation of a fake obscene video allegedly created by morphing her face with AI. She said those who made, shared, forwarded, or reposted the content will face criminal and civil action under relevant laws.

### Related Links & Sources
- [Original Story Source](https://moviemax.in/news/389079/sunaina-warns-legal-action-morphed-obscene-video)