---
title: "'വിജയ് എന്റെ ലക്കി ചാം, സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തീരുമാനം'; ദളപതിയെക്കുറിച്ച് മനസ് തുറന്ന് സാമന്ത"
english_title: "Vijay Is My Lucky Charm: Samantha on His Bold Political Shift"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388454/vijay-lucky-charm-samantha-praises-political-shift"
published_at: "2026-10-24T08:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc24558c42b_vijay-lucky-charm-samantha-praises-political-shift.jpg"
keywords: ["SamanthaRuthPrabhu", "Vijay", "TamilCinema", "PoliticalEntry", "Kollywood"]
---

# 'വിജയ് എന്റെ ലക്കി ചാം, സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തീരുമാനം'; ദളപതിയെക്കുറിച്ച് മനസ് തുറന്ന് സാമന്ത

> **Lead Summary:** **അ**ഭിനയത്തിന്റെ പീക്കിൽ നിൽക്കുമ്പോൾ ആ വിജയഗാഥ അവസാനിപ്പിച്ച് പൊതുസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത വിജയ് യെ ഇന്നും ആരാധകർ നെഞ്ചിലേറ്റുകയാണ്. ഇപ്പോൾ വിജയ്‌യുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു.

## Article Content

**അ**ഭിനയത്തിന്റെ പീക്കിൽ നിൽക്കുമ്പോൾ ആ വിജയഗാഥ അവസാനിപ്പിച്ച് പൊതുസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത വിജയ് യെ ഇന്നും ആരാധകർ നെഞ്ചിലേറ്റുകയാണ്. ഇപ്പോൾ വിജയ്‌യുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു.

സെലിബ്രിറ്റി മാസ്റ്റർഷെഫ് തമിഴ് എന്ന കുക്കിങ് റിയാലിറ്റി ഷോയിലാണ് സാമന്ത മനസ് തുറന്നത്. ‘അദ്ദേഹം എന്റെ ലക്കി ചാം ആണ്. ഞാൻ അദ്ദേഹത്തോടൊപ്പം മൂന്ന് സൂപ്പർഹിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്’.

കത്തി (2014), തെറി (2016), മെർസൽ (2017) മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടിയവയാണ്. പ്രത്യേകിച്ച് മെർസൽ 250 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. എ.ആർ മുരുഗദോസ്, ആറ്റ്‌ലി പോലുള്ള സംവിധായകരുടെ കീഴിൽ ഈ ചിത്രങ്ങളിലെ സാമന്ത-വിജയ് കെമിസ്ട്രി വലിയ വിജയമായിരുന്നു.

വെറും സിനിമാ വിജയങ്ങളെക്കുറിച്ച് മാത്രമല്ല, വിജയ് ഒരു വ്യക്തി എന്ന നിലയിൽ എടുത്ത തീരുമാനത്തെക്കുറിച്ചും സാമന്ത വാചാലയായി. ‘ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരു പ്രചോദനമാണ്. കോടിക്കണക്കിന് ആരാധകരുള്ളപ്പോൾ, ഒരു നേതാവാകാൻ, ഭരണരംഗം തിരഞ്ഞെടുക്കാൻ തീരുമാനിക്കുക. വളരെ ശാന്തനായി, ഫോക്കസ്ഡ് ആയി, പിന്നണിയിൽ കഠിനാധ്വാനം ചെയ്യുന്നു’ സാമന്ത പറഞ്ഞു.

‘കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരിക എന്നത് എളുപ്പമുള്ള തീരുമാനമല്ല. അദ്ദേഹം കൃത്യസമയത്താണ് രാഷ്ട്രീയത്തിലേക്ക് വന്നത്’ സാമന്ത കൂട്ടിച്ചേർത്തു.

മാ ഇന്തി ബംഗാരം റിലീസിന് മുന്നോടിയായി, വിജയ് യെ നടി സന്ദർശിച്ചിരുന്നു. ‘വിജയ് സാർ വെറുമൊരു നടനായി മാത്രം ഒതുങ്ങേണ്ട ആളല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജവും ജനങ്ങളുമായുള്ള ബന്ധവും അദ്ദേഹത്തെ വലിയൊരു ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു’ സാമന്ത കുറിച്ചു.

എളുപ്പമുള്ള വഴിയേക്കാൾ കൂടുതൽ ഉത്തരവാദിത്തമുള്ള വെല്ലുവിളികൾ സ്വീകരിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം വലിയൊരു പാഠമാണെന്നും, നിസ്വാർത്ഥമായ ലക്ഷ്യബോധത്തോടെയാണ് അദ്ദേഹം തന്റെ പുതിയ പദവിയെ സമീപിക്കുന്നതെന്നും താരം പറഞ്ഞു. യുവതലമുറക്ക് വലിയൊരു മാതൃകയാണ് വിജയിയുടെ ഈ രാഷ്ട്രീയ യാത്രയെന്നും സാമന്ത കൂട്ടിച്ചേർത്തു.

1984ൽ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'വെട്രി' എന്ന ചിത്രത്തിൽ ബാലതാരമായാണ് വിജയ് സിനിമയിലേക്ക് എത്തുന്നത്. 1992ൽ 'നാളയ തീർപ്പ്' എന്ന ചിത്രത്തിലൂടെ നായകനായി. പിന്നീട് 1996ൽ 'കോയമ്പത്തൂർ മാപ്പിളൈ' ആദ്യ വാണിജ്യ വിജയം നേടിയതോടെ വിജയ് യുടെ തേരോട്ടം ആരംഭിച്ചു.

കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ, 'ലിയോ' പോലെ കോളിവുഡിലെ എക്കാലത്തെയും വലിയ കലക്ഷൻ നേടിയ ചിത്രങ്ങൾക്ക് ശേഷമായിരുന്നു താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം.

> Samantha Ruth Prabhu praised Vijay’s decision to leave cinema at the peak of his career and enter politics, calling him an inspiration and a role model for the younger generation. She also said the actor has been her “lucky charm,” noting their successful collaborations in Kathi, Theri and Mersal.

### Related Links & Sources
- [Original Story Source](https://moviemax.in/news/388454/vijay-lucky-charm-samantha-praises-political-shift)