---
title: "'എന്റെ ശരീരത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാൻ; ‘ലൈംഗികാതിക്രമമാണ് നടക്കുന്നത്'; അശ്ലീല ഡീപ്ഫെയ്ക്ക് വിഡിയോയില്‍ പൊട്ടിത്തെറിച്ച് ജാന്‍വി കപൂര്‍"
english_title: "I Decide What Happens to My Body: Janhvi Kapoor Slams Deepfake Abuse"
publisher: "moviemax.in"
canonical_url: "https://moviemax.in/news/385544/janhvi-kapoor-deepfake-abuse-response"
published_at: "2026-10-05T08:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3144e219f5_janhvi-kapoor-deepfake-abuse-response.jpg"
keywords: ["JanhviKapoor", "DeepfakeAbuse", "AIMisuse", "DigitalSafety", "BollywoodNews"]
---

# 'എന്റെ ശരീരത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാൻ; ‘ലൈംഗികാതിക്രമമാണ് നടക്കുന്നത്'; അശ്ലീല ഡീപ്ഫെയ്ക്ക് വിഡിയോയില്‍ പൊട്ടിത്തെറിച്ച് ജാന്‍വി കപൂര്‍

> **Lead Summary:** **ത**ന്റെ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത് വ്യാജ വിഡിയോ നിർമ്മിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം ജാൻവി കപൂർ. 'ദേവര' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യിലെ ജാൻവി കപൂറിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

## Article Content

**ത**ന്റെ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത് വ്യാജ വിഡിയോ നിർമ്മിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം ജാൻവി കപൂർ. 'ദേവര' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യിലെ ജാൻവി കപൂറിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

ഇത് ഒരു വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ലൈംഗിക അതിക്രമത്തിന് തുല്യമാണെന്നും ജാൻവി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വിശദമായ പ്രസ്താവനയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്ത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുകയും വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജാൻവി ചൂണ്ടിക്കാട്ടി.

ചലച്ചിത്ര മേഖലയിലെ ഭൂരിഭാഗം സ്ത്രീകളും ഏതെങ്കിലും തരത്തിൽ ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും ജാൻവി പറഞ്ഞു. ഒരു സ്ത്രീയുടെ കണ്‍സെന്‍റ്, തിരഞ്ഞെടുപ്പുകള്‍, അവളുടെ ശരീരത്തോടുള്ള ബഹുമാനം എന്നിവ മനുഷ്യത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളാണ്. എന്നിട്ടും, എന്തുകൊണ്ടോ അത് പലപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ജാൻവി കൂട്ടിച്ചേർത്തു.

‘തുടർച്ചയായി അഞ്ച് ദിവസം 'യെസ്' എന്ന് പറയുന്ന ഒരു സ്ത്രീ ആറാം ദിവസം 'നോ' എന്ന് പറഞ്ഞാൽ, ആ 'നോ'യെ ബഹുമാനിക്കാൻ ചിലർക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു.

ഒരു സ്ത്രീ മിനിസ്കർട്ട് ധരിക്കുന്നു എന്നതിനർഥം അവളുടെ സ്കർട്ടിനടിയിലേക്ക് ക്യാമറ പിടിക്കാനോ അവളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ ഉള്ള അനുവാദമല്ല. ഒരു സ്ത്രീയുടെ ചോയിസുകള്‍ എന്താണ്? എവിടെയാണ് അതിർവരമ്പ് നിശ്ചയിക്കുന്നത്? സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണം? എന്നെല്ലാം തീരുമാനിക്കുന്നത് തികച്ചും അവളുടെ മാത്രം അവകാശമാണ്’ – ജാൻവി കുറിച്ചു.

ഇത് വെറുമൊരു എഐ വിഡിയോയുടെ മാത്രം വിഷയമല്ലെന്നും, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണികളുടെയും കാഴ്ചപ്പാടുകളുടെയും വലിയൊരു യാഥാർഥ്യമാണെന്നും ജാൻവി പറഞ്ഞു. പെൺമക്കളെ സംരക്ഷിക്കുക എന്ന് മാത്രം പറയുന്നതിന് പകരം, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറാനുള്ള അവകാശമുണ്ടെന്ന ചിന്താഗതി തിരുത്തുകയാണ് വേണ്ടതെന്നും ജാൻവി വ്യക്തമാക്കി.

സംഭവത്തില്‍ കടുത്ത നിലപാടെടുത്ത സഹനടൻ ജൂനിയർ എൻ.ടി.ആറിനും മറ്റ് പ്രമുഖർക്കും ജാൻവി നന്ദി അറിയിച്ചു. ‘ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത എൻ.ടി.ആർ സാറിനോട് വലിയ നന്ദിയുണ്ട്.

കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഒരാൾ തന്നോട് നേരിട്ട് ബന്ധമില്ലാത്ത ഒരു വിഷയത്തിൽ സംസാരിക്കുമ്പോൾ, അത് ആക്രമണം നേരിട്ട ഓരോ സ്ത്രീക്കും വലിയൊരു ആശ്വാസമാണ്’ – ജാൻവി കുറിച്ചു. എഐ മോർഫിങിനെ ക്രൂരവും ലജ്ജാകരവുമാണെന്ന് വിശേഷിപ്പിച്ച ജൂനിയർ എൻ.ടി.ആർ, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിഷയത്തില്‍ തെലുങ്ക് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച നടത്തി എഐ ദുരുപയോഗത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി വ്യക്തമാക്കി. കൂടാതെ വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദർ തുടങ്ങിയവരും സാങ്കേതികവിദ്യയുടെ ഇത്തരം തെറ്റായ ഉപയോഗങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ജാൻവിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/385544/janhvi-kapoor-deepfake-abuse-response)