---
title: "'ഇപ്പോ എങ്ങനെ ഇരിക്കണ്’....! യുട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്"
english_title: "Actor Aneesh Gopals Wife Varna Reacts to Youtuber Aswanth Kok Arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/384646/aswanth-kok-arrest-varna-aneesh-reaction"
published_at: "2026-09-29T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb4cd894022_aswanth-kok-arrest-varna-aneesh-reaction.jpg"
keywords: ["Aswanth Kok", "Drunk Driving", "YouTube Reviewer", "Aneesh Gopal", "Varna Aneesh"]
---

# 'ഇപ്പോ എങ്ങനെ ഇരിക്കണ്’....! യുട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്

> **Lead Summary:** ** മദ്യപി**ച്ച് വാഹനമോടിച്ച് കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപകടമുണ്ടാക്കിയ സംഭവത്തിൽ അശ്വന്ത് കോക്കിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്. അശ്വന്ത് കോക്ക് യുട്യൂബിൽ സിനിമകൾക്ക് റിവ്യൂ പറയുന്നത് പോലും മദ്യപിച്ചിട്ടാണെന്ന് മുൻപൊരു അഭിമുഖത്തിൽ അനീഷ് ഗോപാൽ വെളിപ്പെടുത്തിയ വിഡിയോ പങ്കുവെച്ചാണ് വർണയുടെ പ്രതികരണം.

## Article Content

** മദ്യപി**ച്ച് വാഹനമോടിച്ച് കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപകടമുണ്ടാക്കിയ സംഭവത്തിൽ അശ്വന്ത് കോക്കിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്. അശ്വന്ത് കോക്ക് യുട്യൂബിൽ സിനിമകൾക്ക് റിവ്യൂ പറയുന്നത് പോലും മദ്യപിച്ചിട്ടാണെന്ന് മുൻപൊരു അഭിമുഖത്തിൽ അനീഷ് ഗോപാൽ വെളിപ്പെടുത്തിയ വിഡിയോ പങ്കുവെച്ചാണ് വർണയുടെ പ്രതികരണം.

'ഇപ്പോ എങ്ങനെ ഇരിക്കണ്' എന്ന അടിക്കുറിപ്പോടെയാണ് വർണ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. റിവ്യൂ പറയുമ്പോൾ നീ വെള്ളമടിച്ചിട്ടാണ് പറയുന്നതെന്നും, ഒരോളത്തിൽ പറഞ്ഞുപോയതാണെന്ന് അശ്വന്ത് ഫോണിൽ തന്നോട് സമ്മതിച്ചതായും അനീഷ് മുൻപ് പറഞ്ഞിരുന്നു.

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായി എത്തിയ ‘വിവാഹ്’ എന്ന സിനിമയുടെ റിവ്യൂ ചെയ്യുന്നതിനിടയിൽ അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യ തന്റെ ഭാര്യയെയും കുട്ടികളെയും ബാധിച്ചു എന്ന് അനീഷ് ഗോപാൽ തുറന്നുപറഞ്ഞിരുന്നു. റിവ്യൂവിലെ അധിക്ഷേപങ്ങൾ നൽകിയ ആഘാതത്തിൽ നിന്ന് പുറത്തു കടക്കാൻ ഭാര്യ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയെന്നും അനീഷ് പറഞ്ഞു. മദ്യപിച്ച ശേഷമാണ് യുട്യൂബർ ആ സിനിമയുടെ റിവ്യൂ പറഞ്ഞത് എന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നും അനീഷ് ഗോപാൽ പറഞ്ഞു.

തുടർന്ന് അനീഷിന്റെ ഭാര്യ വർണയും ഈ സംഭവത്തിൽ അശ്വന്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചു. റിവ്യൂ എന്ന പേരിൽ ഈ യൂട്യൂബർ ലൈംഗിക അധിക്ഷേപങ്ങളാണ് നടത്തുന്നതെന്നായിരുന്നു വർണ പറഞ്ഞത്.

‘‘(യുട്യൂബറുടെ) ഒരു സഹോദരിയോ കൂട്ടുകാരിയോ എന്ന രീതിയിൽ, ഒരു ഉപദേശം പോലെ ഞാൻ സംസാരിക്കുകയാണ്. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അയാൾക്ക് അറിയില്ല. താങ്കൾക്ക് സിനിമ കാണാം, റിവ്യൂ പറയാം. അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാം. എന്നാൽ വ്യക്തിഹത്യയും സെക്ഷ്വൽ ഹരാസ്മെന്റും ബോഡി ഷെയിമിങ്ങും ചെയ്യുന്നത് ശരിയല്ല. എന്റെ ഭർ‌ത്താവിന് (അനീഷ് ഗോപാലിന്) നിന്റെ റിവ്യൂ വലിയ പ്രശ്നമായി തോന്നിയില്ല. പുള്ളി ഹാപ്പി ആയിട്ട് ചിരിച്ചു കളിച്ചു അത് വിട്ടു. പക്ഷേ എനിക്കും എന്റെ കുടുംബത്തിനും അത് മാനസിക ആഘാതമുണ്ടാക്കി. എന്റെ മക്കൾ എന്നോട് ചോദ്യം ചോദിക്കുമ്പോൾ എനിക്ക് ഉത്തരം കൊടുക്കാൻ പറ്റാതെ പോയി.

സിനിമയിലെ നായിക കഥാപാത്രങ്ങളെ അധിക്ഷേപിച്ചു. അവരെ അത് മാനസികമായി തളർത്തി. എനിക്ക് ഇനി സാരി ഉടുക്കുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടാവില്ല അനീഷ് ഏട്ടാ എന്നാണ് ആ കുട്ടി പറ‍ഞ്ഞത്. അങ്ങനെ അയാൾ അങ്ങ് ഇല്ലാണ്ടാക്കി. മാനസികമായി നിങ്ങൾ ഒരാളെ കൊല്ലുകയാണ് ചെയ്യുന്നത്. അവരുടെ കരിയറിനെ തന്നെ ഇല്ലാതാക്കി.

എന്റെ ഭർത്താവിനെ ‘ഊച്ചാളി’, ‘ഊള’, ‘ധ്രുവനെ ‘മൊണ്ണ’ എന്നൊക്കെയാണ് വിളിച്ചത്. നിങ്ങൾക്ക് ബോധവുമില്ല, ബുദ്ധിയുമില്ല. കഥാപാത്രത്തിന്റെ പേരല്ലാതെ ഒരു കലാകാരന്റെ പേരു വച്ച് വ്യക്തിഹത്യ ചെയ്യാനുള്ള അധികാരം നിങ്ങൾക്കൊരുത്തർക്കുമില്ല. അവരുടയൊക്കെ കുടുംബത്തിനുണ്ടാകുന്ന ആഘാതത്തെപ്പറ്റി ചിന്തിക്കണം.

മലയാളം ഇൻഡസ്ട്രിയിൽ ആരുമില്ലേ ഇതൊന്നും ചോദിക്കാൻ? ആരും നിങ്ങളോട് ചോദിക്കാനില്ലാത്തതുകൊണ്ടാണോ എന്തുമാവാം എന്നു പറഞ്ഞ് എല്ലാവരെയും മോശമാക്കുകയാണോ?ദയവു ചെയ്ത് ലഹരി ഉപയോഗിച്ച ശേഷം റിവ്യൂ ചെയ്യാതിരിക്കുക. നിങ്ങളുടെ റിവ്യൂവിന്റെ വിശ്വാസ്യത നഷ്ടപ്പെടും. നേരിട്ട് വിളിച്ചപ്പോൾ എന്റെയും മക്കളുടെയും അടുത്ത് അയാൾ ക്ഷമ പറഞ്ഞു.

എന്റെയടുത്തല്ല, പൊതു ജനങ്ങളുടെ അടുത്താണ് മാപ്പ് പറയേണ്ടത്, താങ്കൾ കാരണം മാനസിക ആഘാതം ഏറ്റവരുടെ അടുത്ത് ക്ഷമ പറയണം. ഇനിയെങ്കിലും മാന്യമായി റിവ്യൂ ഇടാൻ അപേക്ഷിക്കുന്നു.’’–വർണ അന്ന് പറഞ്ഞത്.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം അശ്വന്ത് ഓടിച്ച വാഹനം മൂന്നു വാഹനങ്ങളിൽ തട്ടി അപകടമുണ്ടായത്. ഒടുവിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് എത്തിയാണ് അശ്വന്തിനെ കസ്റ്റഡിയിൽ എടുത്തത്. അപകടങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ മൂന്നു പരാതിയാണ് നടക്കാവ് പൊലീസിന് ലഭിച്ചത്. ഇത് പരിശോധിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിച്ച പൊലീസ് രാത്രിയോടെ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/384646/aswanth-kok-arrest-varna-aneesh-reaction)