---
title: "'ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്, മക്കൾ ഉണ്ടാക്കുന്ന പണത്തിൽ നിന്ന് അവർ കല്യാണം നടത്തുന്നു'; അഹാനയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ"
english_title: "Krishnakumar About Ahana Krishna Wedding Four Daughters Strong Women Nimish"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382950/krishnakumar-about-ahana-krishna-wedding-daughters-strong-women-"
published_at: "2026-09-16T15:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa72a784eec_krishnakumar-about-ahana-krishna-wedding-daughters-strong-women-.jpg"
keywords: ["Ahana Krishna Wedding", "Nimish", "Krishna Kumar Daughters", "Ahana Krishna"]
---

# 'ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്, മക്കൾ ഉണ്ടാക്കുന്ന പണത്തിൽ നിന്ന് അവർ കല്യാണം നടത്തുന്നു'; അഹാനയുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാർ

> **Lead Summary:** ** **മകൾ അഹാന കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ വാക്കുകൾ. ശക്തരായ നാല് പെൺമക്കളാണ് തന്റേതെന്നും, സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മക്കൾ തന്നെയാണ് വിവാഹം നടത്തിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

## Article Content

** **മകൾ അഹാന കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ വാക്കുകൾ. ശക്തരായ നാല് പെൺമക്കളാണ് തന്റേതെന്നും, സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മക്കൾ തന്നെയാണ് വിവാഹം നടത്തിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

അഹാനയുടെ ഭർത്താവ് നിമിഷിന്റെ പിതാവ് രവിയെ തനിക്ക് മുൻപേ അറിയാമായിരുന്നുവെന്നും എന്നാൽ രവിയുടെ മകനാണ് നിമിഷ് എന്ന കാര്യം പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

''പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോഴാണ് അറിയുന്നത്. പ്രണയമെല്ലാം എല്ലാവരും ആരോടും തുറന്നുപറയണമെന്നില്ലല്ലോ, അതിൽ വലിയ സന്തോഷമേ ഉള്ളൂ. വളരെ ചുരുക്കം ചിലരെ മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണിച്ചത്. ക്ഷണിച്ച എല്ലാവരും എത്തിച്ചേർന്നു. രാഷ്ട്രീയത്തിന് അതീതമായി നമ്മളുമായി വർഷങ്ങളായി സൗഹൃദം പുലർത്തുന്നവരാണ് ഇവർ. വളരെ ലളിതമായ രീതിയിലാണ് വിവാഹം നടത്തിയത്.

ഇതിനു മുൻപത്തെ കല്യാണം നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഇത്തരം ചടങ്ങുകൾ കഴിയുന്നതും ചെറുതാക്കുന്നതാണ് നല്ലത്, ചെലവുകൾ പരമാവധി ചുരുക്കണം. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ലളിതമായി നടത്തുക. മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ, ആ പണമെല്ലാം സ്വരൂപിച്ചു ഭാവിയിലെ ജീവിതത്തിനായി ഉപയോഗിക്കുക. ഒപ്പം ആ വഴിക്ക് പോകുമ്പോൾ വല്ലതും ഇല്ലാത്തവർക്ക് കുറേശ്ശെ സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണം.

വിവാഹവുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം കുട്ടികൾ തന്നെയായിരുന്നു നോക്കിയത്. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തതും അഹാന തന്നെയാണ്; ഞാൻ ഇതിലൊന്നും ഇടപെട്ടിരുന്നില്ല. ഞാൻ ശരിക്കും ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം, സ്വന്തം കാലിൽ നിൽക്കുന്ന ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ. അവർ തങ്ങൾ ഉണ്ടാക്കുന്ന പണംകൊണ്ട് വിവാഹം നടത്തുന്നു,

ഞാൻ ഒരു അതിഥിയെപ്പോലെ ചടങ്ങിൽ പങ്കെടുക്കുന്നു, തിരികെ പോകുന്നു. എന്റെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, സ്വന്തം ഇഷ്ടപ്രകാരം ആരെ വേണമെങ്കിലും വിവാഹം കഴിക്കാം. മക്കളുടെ സ്വാതന്ത്ര്യം നമ്മുടെ കയ്യിലല്ല ഇരിക്കുന്നത്. ഞാൻ എന്റെ ഇഷ്ടപ്രകാരം ജീവിച്ച ഒരാളാണ്, അതുപോലെതന്നെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ അവകാശപ്പെട്ടവരാണ് അവർ.''

English Summary:

After daughter Ahana Krishna's wedding, father Krishnakumar's words gain attention. He said his four daughters are four strong women and they conduct their weddings with money they earn themselves. He added that he has known Nimish's father Ravi for long but only later knew Nimish is Ravi's son. He said he just learned it was 10-year love, they held small wedding with few invitees, said weddings should be small to save money for future life and help others. He said children bore wedding expenses, Ahana herself planned everything, he is a blessed father. Daughters can love anyone and marry anyone, their freedom is not in parents' hands, he lived as per his wish and they should live as per theirs.

### Related Links & Sources
- [Original Story Source](https://moviemax.in/news/382950/krishnakumar-about-ahana-krishna-wedding-daughters-strong-women-)