---
title: "സൗഹൃദം പ്രണയമായി, ഇനി ജീവിതപങ്കാളികൾ; അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി,  ചിത്രങ്ങൾ വൈറൽ"
english_title: "Actress Ahaana Krishna and Cinematographer Nimish Ravi Get Married Kovalam Private Ceremony Photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382793/actress-ahaana-krishna-cinematographer-nimish-ravi-married-kovalam"
published_at: "2026-09-15T19:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9496bf1c7f_actress-ahaana-krishna-cinematographer-nimish-ravi-married-kovalam.jpg"
keywords: ["Ahaana Krishna", "Nimish Ravi", "Ahaana Krishna Marriage", "Malayalam Cinema"]
---

# സൗഹൃദം പ്രണയമായി, ഇനി ജീവിതപങ്കാളികൾ; അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി,  ചിത്രങ്ങൾ വൈറൽ

> **Lead Summary:** നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

## Article Content

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

> "എന്റെ ഉറ്റസുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും. നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും കൃത്യമായ താളത്തിലും മിടിക്കുന്നു.

> നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം," എന്ന വൈകാരികമായ കുറിപ്പോടെയാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്.

**

ചലച്ചിത്ര-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ഇരുവരുടെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ആശംസകൾ അറിയിച്ചപ്പോൾ, നടി മഞ്ജു വാര്യർ അടക്കം വലിയൊരു താരനിര തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

വർഷങ്ങളായുള്ള സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തെത്തുന്നതും നിമിഷ് അസിസ്റ്റന്റ് ക്യാമറാമാനായി കരിയർ ആരംഭിക്കുന്നതും.

തുടർന്ന് അഹാനയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായ 'ലൂക്ക'യുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് ആയിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ 'ലോക' എന്ന ചിത്രത്തിലാണ് അഹാന അവസാനമായി കാമിയോ വേഷത്തിലെത്തിയത്.

ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ നിമിഷ് രവിയായിരുന്നു. കൂടാതെ, അഹാന സംവിധാനം ചെയ്ത മ്യൂസിക് വീഡിയോകൾക്കും നിമിഷ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.

English Summary:**

Actress and social media influencer Ahaana Krishna and cinematographer Nimish Ravi reportedly got married at a private resort in Kovalam, Thiruvananthapuram with close relatives and friends. Ahaana shared photos on Instagram with emotional note calling him best friend, boyfriend, partner, soulmate and now husband. Film personalities including Dulquer Salmaan attended, Manju Warrier and many stars wished on Instagram. Duo knew each other since Rajeev Ravi's Njan Steve Lopez where Ahaana debuted and Nimish started as assistant cameraman; Nimish later shot her notable film Luca and recent cameo film Loka directed by Dominic Arun, and also her music videos.

### Related Links & Sources
- [Original Story Source](https://moviemax.in/news/382793/actress-ahaana-krishna-cinematographer-nimish-ravi-married-kovalam)