---
title: "ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്"
english_title: "Dileep had a darshan at Sabarimala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38162/dileep-had-a-darshan-at-sabarimala"
published_at: "2022-04-18T19:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d7004053e3_dileep.jpg"
keywords: []
---

# ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

> **Lead Summary:** **ശ**ബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്.

## Article Content

**ശ**ബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്.

രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി.

തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു.

തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്തു വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമായാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38162/dileep-had-a-darshan-at-sabarimala)