---
title: "'വക്കീൽ കുപ്പായം അഴിച്ചുവെച്ച ആ മുഖം'; കാലം തോൽപ്പിക്കാത്ത താരം, തലമുറകളെ ത്രസിപ്പിച്ച മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ"
english_title: "Mammootty Turns 75: A Five-Decade Journey in Malayalam Cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/381423/mammootty-turns-75-five-decade-cinema-journey"
published_at: "2026-09-07T07:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e20e252626_mammootty-turns-75-five-decade-cinema-journey.jpg"
keywords: ["Mammootty", "Malayalam Cinema", "Indian Cinema", "Mammootty Birthday"]
---

# 'വക്കീൽ കുപ്പായം അഴിച്ചുവെച്ച ആ മുഖം'; കാലം തോൽപ്പിക്കാത്ത താരം, തലമുറകളെ ത്രസിപ്പിച്ച മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ

> **Lead Summary:** അരനൂറ്റാണ്ട് മുൻപ് ബ്ലാക്ക് ആൻഡ് വൈറ്റിന്റെ നിഴൽവെളിച്ചത്ത് പതിഞ്ഞ ഒരു മുഖം. വക്കീൽ കുപ്പായം അഴിച്ചുവച്ച് സിനിമയുടെ മാന്ത്രികലോകത്തേക്ക് നടന്നുകയറുമ്പോൾ അടങ്ങാത്ത അഭിനിവേശവും തോറ്റുകൊടുക്കില്ലെന്ന വന്യമായ വാശിയുമായിരുന്നു ആ നടന് കൂട്ട്. തലമുറകളെ ത്രസിപ്പിച്ച മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ.

## Article Content

അരനൂറ്റാണ്ട് മുൻപ് ബ്ലാക്ക് ആൻഡ് വൈറ്റിന്റെ നിഴൽവെളിച്ചത്ത് പതിഞ്ഞ ഒരു മുഖം. വക്കീൽ കുപ്പായം അഴിച്ചുവച്ച് സിനിമയുടെ മാന്ത്രികലോകത്തേക്ക് നടന്നുകയറുമ്പോൾ അടങ്ങാത്ത അഭിനിവേശവും തോറ്റുകൊടുക്കില്ലെന്ന വന്യമായ വാശിയുമായിരുന്നു ആ നടന് കൂട്ട്. തലമുറകളെ ത്രസിപ്പിച്ച മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ.

ചന്തുവിന്റെ ആത്മാഭിമാനവും ബഷീറിന്റെ അനശ്വര പ്രണയവും ബിലാൽ ജോൺ കുരിശിങ്കലിന്റെ ക്ലാസിക് സ്വാഗും വിസ്മയം തീർത്ത ഒരേ ശരീരം. മമ്മൂട്ടിക്ക് മുന്നിൽ തിയറ്ററുകൾ ഇളകിമറിയുന്ന കാഴ്ച തുടരുന്നു.

കണ്ണുകളിൽ വാത്സല്യത്തിന്റെ കണ്ണീരുപ്പ് ചാലിക്കാൻ അച്ചൂട്ടിക്കും രാഘവനും കഴിഞ്ഞെങ്കിൽ അതേ കണ്ണുകളിൽ അധികാരത്തിന്റെ ചോരക്കറ പുരട്ടാൻ ഭാസ്കര പട്ടേലർക്കും കഴിഞ്ഞു.

തിരുവിതാംകൂറിന്റെയും മലബാറിന്റെയും വള്ളുവനാടിന്റെയും ഭാഷാവഴക്കങ്ങളെ തന്റെ മാന്ത്രികശബ്ദത്തിൽ പകർന്നുനൽകിയ നടൻ.

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് തലമുറകൾക്ക് പ്രചോദനമാകുന്ന മനുഷ്യൻ. താരപദവിയുടെ തച്ചുതകർത്ത് റോഷാക്കിലും നൻപകൽ നേരത്ത് മയക്കത്തിലും കാതലിലും ഭ്രമയുഗത്തിലും തന്നെത്തന്നെ കൊന്നുതീർത്ത് പുനർജനിക്കുന്ന വേട്ടക്കാരൻ.

പുതിയ കാലത്തിനൊപ്പം നടക്കുന്നവനല്ല, പുതിയ കാലത്തെ തനിക്ക് പിന്നാലെ നടത്തിക്കുന്നു മമ്മൂട്ടി.

മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പൂർണതയാണ് മമ്മൂട്ടി. 1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി.

പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും അവസാനവാക്കാക്കിയ പല തലമുറകൾ മമ്മൂട്ടിയെ തങ്ങളുടെ സ്വകാര്യഅഹങ്കാരമായി മനസ്സിൽ കൊണ്ടുനടക്കുന്നു. സമാന്തരസിനിമയിലും കച്ചവട സിനിമയിലും ഒരേ കാലത്ത് ഒരേപോലെ വെന്നിക്കൊടി നാട്ടിയവർ മമ്മൂട്ടിയെപ്പോലെ അധികമില്ല.

കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി.

ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രട്ട് ഹാർട്ടിലും എറണാകുളം മഹാരാജാസിലും ലോ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായി ജോലി നോക്കി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

1998-ൽ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, മികച്ച നടൻ- മികച്ച രണ്ടാമത്തെ നടൻ- പ്രത്യേക പരാമർശം ഉൾപ്പെടെ ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവയ്ക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. യൂണിവേഴ്‌സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു.

കേരളാ സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിനും അർഹനായി. ഇതിനെല്ലാം പുറമെ ചെറുതും വലുതുമായി മറ്റ് ഒട്ടേറെ അംഗീകാരങ്ങൾ.

1971-ൽ ആരംഭിച്ച സിനിമാ യാത്ര 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ വർഷം രണ്ടുചിത്രങ്ങൾ ഇതുവരെ തിയേറ്ററിലെത്തി. യുവതാരങ്ങൾ അണിനിരന്ന ചത്താ പച്ചയിൽ അതിഥി വേഷത്തിൽ.

മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ്. രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ പുറത്തിറങ്ങാനിരിക്കുന്നു. 2004-ൽ പുറത്തിറങ്ങിയ ബ്ലാക്കിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന വേഷത്തിലാണ് അതിഥി താരമായി മമ്മൂട്ടി ലോ ആൻഡ് ഓർഡറിൽ എത്തുന്നത്.

ഇതിന് പുറമെ ഒട്ടേറെ മലയാളം, അന്യഭാഷാ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

**English Summary:**

Mammootty turns 75 today, marking 55 years since he began his film journey in 1971 with Anubhavangal Paalichakal. Born as P.I. Mohammed Kutty in Chembu, Vaikom, he worked briefly as a criminal lawyer before entering cinema. He has acted in more than 425 films and received four National Awards, nine State Awards, Padma Shri, Padma Bhushan and Kerala Prabha, besides honorary doctorates from three universities. His recent films include Chatha Pacha and Patriot, while Law and Order and several other Malayalam and non-Malayalam projects are in the pipeline.

### Related Links & Sources
- [Original Story Source](https://moviemax.in/news/381423/mammootty-turns-75-five-decade-cinema-journey)