---
title: "'വാഹനം ഓടിച്ചത് താനല്ലെന്ന് എ.ആർ അമീൻ; 'അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതർ';വ്യാജപ്രചാരണങ്ങൾക്കെതിരെ സഹോദരി ഖദീജ"
english_title: "AR Rahman Son AR Ameen Car Accident Chennai Guindy Khatija Rahman Instagram Post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377969/ar-rahman-son-ar-ameen-car-accident-chennai-clarification "
published_at: "2026-08-11T14:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae55b1c709_ar-rahman-son-ar-ameen-car-accident-chennai-clarification_.jpg"
keywords: ["AR Ameen car accident Chennai", "AR Rahman son accident", "Instagram Post"]
---

# 'വാഹനം ഓടിച്ചത് താനല്ലെന്ന് എ.ആർ അമീൻ; 'അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതർ';വ്യാജപ്രചാരണങ്ങൾക്കെതിരെ സഹോദരി ഖദീജ

> **Lead Summary:** ചെന്നൈ: **[** ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ തനിക്കേറ്റ പരിക്കുകൾ നിസ്സാരമാണെന്നും താനല്ല വാഹനം ഓടിച്ചതെന്നും വ്യക്തമാക്കി സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകനും ഗായകനുമായ എ.ആർ. അമീൻ. അപകടവുമായി ബന്ധപ്പെട്ട അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തി മാത്രം വാർത്തകൾ നൽകണമെന്ന് അമീന്റെ സഹോദരി ഖദീജ റഹ്‌മാനും അഭ്യർത്ഥിച്ചു.

## Article Content

ചെന്നൈ: **[** ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ തനിക്കേറ്റ പരിക്കുകൾ നിസ്സാരമാണെന്നും താനല്ല വാഹനം ഓടിച്ചതെന്നും വ്യക്തമാക്കി സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകനും ഗായകനുമായ എ.ആർ. അമീൻ. അപകടവുമായി ബന്ധപ്പെട്ട അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തി മാത്രം വാർത്തകൾ നൽകണമെന്ന് അമീന്റെ സഹോദരി ഖദീജ റഹ്‌മാനും അഭ്യർത്ഥിച്ചു.

> "എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാൽ അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതരാണ്," അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. പ്രാർഥനകളുമായി എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും താരം നന്ദി പറഞ്ഞു.

മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം റെഡ് സിഗ്‌നൽ മറികടന്ന് മുന്നോട്ട് എടുത്തതാണ് ചെറിയ കൂട്ടിയിടിക്ക് കാരണമായതെന്ന് ഖദീജ റഹ്‌മാൻ വ്യക്തമാക്കി. അമീനും സുഹൃത്തും എതിർവാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണെന്നും അവർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച പുലർച്ചെ ചെന്നൈ ഗിണ്ടിക്ക് സമീപമായിരുന്നു അപകടം. അമീൻ സഞ്ചരിച്ചിരുന്ന ലക്ഷ്വറി എസ്.യു.വിയും ഒരു ടാക്സി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ അമീൻ, സുഹൃത്ത്, ടാക്സി ഡ്രൈവർ എന്നിവർക്ക് നിസ്സാര പരിക്കേറ്റിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എല്ലാവരെയും വിട്ടയച്ചു. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2015-ൽ മണിരത്‌നത്തിന്റെ 'ഓ കാതൽ കൺമണി' എന്ന ചിത്രത്തിലെ 'മൗലാ സല്ലി വസല്ലിം' എന്ന ഗാനത്തിലൂടെയാണ് അമീൻ പിന്നണി ഗാനരംഗത്ത് എത്തിയത്. അടുത്തിടെ രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനവും അമീൻ ആലപിച്ചിരുന്നു. ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറും അഭിനയിച്ച 'ഭീഗി ഭീഗി' എന്ന ഹിറ്റ് സ്വതന്ത്ര ആൽബം ജസ്ലീൻ റോയലുമായി ചേർന്ന് പുറത്തിറക്കിയതും അമീനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377969/ar-rahman-son-ar-ameen-car-accident-chennai-clarification )