---
title: "'ഞാൻ നിസ്സഹായനാണ്, എനിക്കറിയില്ല എന്ത് പറയണമെന്ന്, ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു'; വൈകാരിക വീഡിയോയുമായി മോഹൻലാൽ"
english_title: "Mohanlal Apologizes Sydney Show Cancelled Visa Issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377411/mohanlal-apologizes-sydney-show-cancelled-visa-issue"
published_at: "2026-08-08T11:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c9bd21b20_mohanlal.jpg"
keywords: ["Mohanlal", "Sydney Show", "Visa Issue", "Australia"]
---

# 'ഞാൻ നിസ്സഹായനാണ്, എനിക്കറിയില്ല എന്ത് പറയണമെന്ന്, ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു'; വൈകാരിക വീഡിയോയുമായി മോഹൻലാൽ

> **Lead Summary:** ** സിഡ്നി** ഷോ മാറ്റിവെച്ചതിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ. സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചാണ് താരം ക്ഷമ ചോദിച്ചത്. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്.

## Article Content

** സിഡ്നി** ഷോ മാറ്റിവെച്ചതിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ. സംഘാടകർക്ക് വീഡിയോ സന്ദേശം അയച്ചാണ് താരം ക്ഷമ ചോദിച്ചത്. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്.

> "ഒരു സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. 50 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഷോ ചെയ്ത ഇന്ത്യൻ അഭിനേതാവ് ഞാനാകും. ഈ വർഷം തന്നെ ഞാൻ ജർമനി, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഷോ ചെയ്തിരുന്നു. മികച്ച ഒരു ആശയവുമായാണ് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചത്. എന്റെ കൂടെയുള്ളവരെല്ലാം അവിടെയുണ്ട്. പക്ഷേ, എനിക്ക് വിസ കിട്ടിയില്ല. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണിത്.

ക്ലറിക്കൽ മിസ്റ്റേക്കോ, സാങ്കേതിക പിഴവോ ആകാം. അറിയില്ല. എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ കുറ്റമായിട്ട് തന്നെ ഞാൻ നിങ്ങളോട് പറയുന്നു. നിങ്ങളോട് ഞാൻ ക്ഷമ പറയുന്നു. എന്ത് പറയണമെന്ന് അറിയില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു. ഡ്രെൈവ് ചെയ്തും അല്ലാതെയും ഷോ കാണാൻ അവിടെയെത്തിയ എല്ലാവരോടും ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമചോദിക്കുന്നു.

> ഇതേ ടീമുമായി ഞങ്ങൾ മടങ്ങി വരുമെന്നും ​ഗംഭീരമായ ഒരു ഷോ ചെയ്യുമെന്നും ഞാൻ വാക്ക് തരികയാണ്. ഡേറ്റ് എനിക്ക് അറിയില്ല. ആളുകളുടെ സൗകര്യം അനുസരിച്ചായിരിക്കും അത്. ഓരോരുത്തരോടും ഞാൻ ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു. ഞാൻ നിസ്സഹായനാണ്. എൻ്റെ ക്ഷാമപണം സ്വീകരിക്കണം," മോഹൻലാൽ പറഞ്ഞു.

ഗായിക കെ.എസ്‌. ചിത്ര, മനോജ് കെ. ജയൻ, അജു വർഗീസ്, സ്റ്റീഫൻ ദേവസി ഉൾപ്പെടെ ഷോയുടെ ഭാഗമാകുന്ന മറ്റുള്ളവർ സിഡ്നിയിൽ എത്തിയെങ്കിലും വിസ ലഭിക്കാത്തതിനാൽ മോഹൻലാലിന് എത്തിച്ചേരാനായില്ല. ഷോയുടെ മുഖ്യ ആകർഷണം തന്നെ താരമായിരുന്നു. അതിനാലാണ് പരിപാടി മാറ്റിവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ വിസയ്ക്കുള്ള കർശന വ്യവസ്ഥകളാണ് വിസ ലഭിക്കുന്നതിന് തടസമായതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/377411/mohanlal-apologizes-sydney-show-cancelled-visa-issue)