---
title: "അതെന്താ പച്ചക്കറി കച്ചവടം മോശമാണോ സാറേ…? മേജർ രവി മാപ്പ് പറയണമെന്ന് വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ"
english_title: "Major Ravi Controversy: Vegetable Merchants Association Demands Apology"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375548/major-ravi-vegetable-market-comment-controversy"
published_at: "2026-07-30T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1fe878949_major-ravi-vegetable-market-comment-controversy.jpg"
keywords: ["Major Ravi", "Vegetable Merchants Association", "NEET Protest"]
---

# അതെന്താ പച്ചക്കറി കച്ചവടം മോശമാണോ സാറേ…? മേജർ രവി മാപ്പ് പറയണമെന്ന് വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ

> **Lead Summary:** **മേ**ജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന മേജർ രവിയുടെ പരാമർശം വിവാദം ആയിരുന്നു. പിന്നാലെയാണ് വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

## Article Content

**മേ**ജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന മേജർ രവിയുടെ പരാമർശം വിവാദം ആയിരുന്നു. പിന്നാലെയാണ് വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന വിദ്യാർഥി-യുവജന പ്രക്ഷോഭത്തെ വിമർശിച്ചുകൊണ്ടുള്ള മേജർ രവിയുടെ പ്രസ്താവനകളാണ് വിവാദത്തിന് തുടക്കമിട്ടത്. സമരം ചെയ്ത വിദ്യാർഥികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തി.

> ഇതിനിടെ സമരത്തെ അനുകൂലിച്ചും സമരത്തെ അടിച്ചമർത്തുന്ന പൊലീസ് നടപടിയെ വിമർശിച്ചും മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലും മേജർ രവി ഇടപെട്ടു. "ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയാണ് വിസ്മയ പോസ്റ്റിട്ടത്.

> അത് ഒരു പ്രത്യേക പാർട്ടിക്കുള്ള പിന്തുണയായി കാണേണ്ടതില്ല" എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. എന്നാൽ ഈ പരാമർശത്തിനെതിരെയും വ്യാപക വിമർശനം ഉയർന്നു. വിസ്മയയ്ക്ക് വേണ്ടി സംസാരിക്കാൻ മേജർ രവി ആരാണെന്നും അവർക്ക് സ്വന്തമായി ചിന്തിക്കാനുള്ള കഴിവുണ്ടെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.

> ഇതിനിടയിലാണ് പച്ചക്കറി കച്ചവടക്കാരെയും കച്ചവടത്തെയും അപമാനിക്കുന്ന തരത്തിൽ മേജർ രവി നടത്തിയ പരാമർശം. "ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല. അതാരും മറക്കണ്ട" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തി.

> മേജർ രവി ഉടൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. "പച്ചക്കറി കച്ചവടം മോശമാണോ? പച്ചക്കറി മാർക്കറ്റ് മോശം സ്ഥലമാണോ? എവിടെ നിന്ന് വന്നാലും വിവരക്കേട് പറഞ്ഞാൽ ജനങ്ങൾ ചോദ്യം ചെയ്യും. നിലപാടില്ലാത്തവർ എവിടെ നിന്ന് വന്നിട്ടും കാര്യമില്ല" എന്നാണ് പൊതുജനങ്ങളും സോഷ്യൽ മീഡിയയിലും പ്രതികരിക്കുന്നത്.

തൊഴിലിനെയും തൊഴിലെടുക്കുന്നവരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കോടിക്കണക്കിന് ആളുകൾക്ക് അന്നം നൽകുന്ന കർഷകരെയും കച്ചവടക്കാരെയും അപമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/375548/major-ravi-vegetable-market-comment-controversy)