---
title: "'എടാ, വി ഡി സതീശൻ അല്ലടാ, കേരള സി. എം ശ്രീ വി ഡി സതീശൻ'; മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോപണം, മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം"
english_title: "Mahesh Kunjumon Faces Cyber Attack Over VD Satheesan Mimicry Performance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/375025/mahesh-kunjumon-cyber-attack-vd-satheesan-mimicry-ireland"
published_at: "2026-07-28T07:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a680d2f84ed3_mahesh-kunjumon-cyber-attack-vd-satheesan-mimicry-ireland.jpg"
keywords: ["Mahesh Kunjumon", "VD Satheesan", "Cyber Attack Kerala", "Mimicry Artist", "Facebook Post"]
---

# 'എടാ, വി ഡി സതീശൻ അല്ലടാ, കേരള സി. എം ശ്രീ വി ഡി സതീശൻ'; മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോപണം, മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം

> **Lead Summary:** **സ്റ്റേ**ജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആർടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം.

## Article Content

**സ്റ്റേ**ജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആർടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം.

അയര്‍ലണ്ടിലെ സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കാന്‍ മൈക്കിലൂടെ ' വി ഡി സതീശന്‍' എന്ന് പറഞ്ഞിരുന്നു.

അതിനിടെ 'സര്‍' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേര്‍ത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു.

വീഡിയോയുടെ ഈ ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയും വ്യാപകമായ സൈബര്‍ ആക്രമണത്തിന് മഹേഷ് വിധേയമാവുകയുമായിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് മഹേഷ് കുഞ്ഞുമോന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാഗത്ത് നിന്നുമുണ്ടായ വാക്കുകളില്‍ ആര്‍ക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് തന്റെ ഉദ്ദേശമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് താന്‍ എന്നും മഹേഷ് വ്യക്തമാക്കി.

എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും.

പരസ്പര ബഹുമാനവും മനുഷ്യസ്‌നേഹവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഹേഷ് കുഞ്ഞുമോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

**കുറിപ്പിന്‍റെ പൂർണ്ണരൂപം-**

*പ്രിയപ്പെട്ട എല്ലാവർക്കും,*

*അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ ശ്രീ. വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. *

> *Led wall picture വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ "VD Satheesan" എന്ന് പറഞ്ഞത്.*

> * അപ്പോൾ ഞാൻ "സാർ" എന്നോ "മുഖ്യമന്ത്രി" എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്.*

*എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി.*

*എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ.*

*അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.*

*എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.*

*സ്നേഹപൂർവ്വം,*

*മഹേഷ് കുഞ്ഞുമോൻ*

### Related Links & Sources
- [Original Story Source](https://moviemax.in/news/375025/mahesh-kunjumon-cyber-attack-vd-satheesan-mimicry-ireland)